5000 രൂപയ്ക്ക് 5 ദിവസം ഭാര്യയായി അഭിനയിക്കാനെത്തി സീരിയില്‍ നടി, ഒടുവില്‍ സംഭവിച്ചത്...

By Greeshma Rakesh.02 04 2023

imran-azhar

 

 

മുംബൈ: അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയ സീരിയല്‍ നടിയെ രക്ഷപ്പെടുത്തി പൊലീസ്. വിവാഹം അഭിനയമല്ലെന്നും നടന്നത് യഥാര്‍ഥ വിവാഹമാണെന്നും ആറാം ദിവസം യുവാവ് പറഞ്ഞതോടെയാണ് താന്‍ കുടുങ്ങിയതാണെന്ന് നടി തിരിച്ചറിയുന്നത്. തുടര്‍ന്ന് യുവതി വിവരം സുഹൃത്തിനെ അറിയിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയുമായിരുന്നു.

 

സുഹൃത്ത് ആയിഷയുടെ ഭര്‍ത്താവ് കരണ്‍ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ 'ഭാര്യയായി' അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ഭാര്യയായി അഭിനയിക്കണമെന്ന് കരണ്‍ ആവശ്യപ്പെട്ടു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു.

 

തുടര്‍ന്ന് മാര്‍ച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്സൗര്‍ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടി.വീട്ടുകാരുടെ മുന്നില്‍ ഭാര്യയായി അഭിനയിക്കണമെന്ന 'ഓഫര്‍' യുവതി സ്വീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.

 

മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസം. എന്നാല്‍ ആറാം ദിനം യുവതി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടതോടെ ഇത് യഥാര്‍ഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നല്‍കിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ പോകാന്‍ സമ്മതിച്ചില്ല.കുടുങ്ങിയതാണെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു.

 

തുടര്‍ന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.