സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടുന്നു; പിങ്ക് പൊലീസ് എന്തിനെന്ന് ജനം

By Greeshma Rakesh.22 03 2023

imran-azhar

ഗ്രീഷ്മ രാകേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച പിങ്ക് പൊലീസ് നിര്‍ജ്ജീവം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പെരുകുന്നു. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പിങ്ക് പൊലീസ് എന്ന സംവിധാനം രൂപീകരിച്ചത്. രാത്രിയും പകലും സ്ത്രീകള്‍ക്ക് നഗരപാതയിലൂടെ ഭയമില്ലാതെ സഞ്ചരിക്കാന്‍ വേണ്ടിയാണ് പിങ്ക് പൊലീസ്.

 

എന്നാല്‍ ഇന്ന് റോഡിലിറങ്ങിയാല്‍ തിരികെ വീട്ടിലെത്തുമോയെന്ന ഭയമാണ് പല സ്ത്രീകള്‍ക്കും. നിയമസഭയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനത്തെയാണ് മുഖ്യമന്ത്രി ഉയര്‍ത്തികാട്ടുന്നത്. സ്ത്രീസുരക്ഷയില്‍ പിങ്ക് പൊലീസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും പിങ്ക് പൊലീസിന്റെ ഇടപെടല്‍ പകല്‍വെളിച്ചത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.


വഞ്ചിയൂരില്‍ വീട്ടമ്മത്തുനേരെയുണ്ടായ അക്രമണമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. പേട്ടയില്‍ അര്‍ധരാത്രി സ്‌കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീക്കു നേരെയുണ്ടായ ആക്രമണം,പോത്തന്‍കോട് നടുറോഡില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നാലംഗ ക്രിമിനല്‍സംഘം അതിക്രൂരമായി മര്‍ദിച്ച സംഭവം ഇങ്ങനെ നിരവധി കേസുകളാണ് തിരുവനന്തപുരത്ത് മാത്രമുള്ളത്.24 മണിക്കൂര്‍ പിങ്ക് പൊലീസ് പെട്രോളിംഗ് ഉണ്ടായിരുന്നിട്ടും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് സത്യം.

ഇത് വെറും നഗരത്തിലെ മാത്രം കണക്കാണ്. ഇത്തരത്തില്‍ ഗ്രാമ പ്രദേശങ്ങളിലും സ്ത്രീകള്‍ക്കുനേരെ നിരവധി അക്രമണങ്ങള്‍ നടക്കുന്നുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നു. ഇനിയിപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാലും കാര്യമായ ഫലമൊന്നുമില്ല. പകരം നിസാര വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കാറാണ് പതിവ്.


സുരക്ഷയൊരുക്കേണ്ടവരുടെ കാര്യക്ഷമതയില്ലായ്മ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ നികന്തരം നടക്കുന്ന അക്രമണങ്ങളുടെ പ്രധാന കാരണം. രാത്രിസമയങ്ങളില്‍ മാത്രമല്ല പട്ടാപകലും സ്ത്രീകള്‍ക്കുനേരെ നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ട്. അവയെല്ലാം സ്ത്രീകളുടെ സംരക്ഷണ ചുമതലയുള്ളവരുടെ കണ്‍മുന്നിലാണെന്നുള്ളത് ഏറെ പരിതാപകരവും.


സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പിങ്ക് പൊലീസ് സംവിധാനം നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയത്. അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച വനിത ഉദ്യോഗസ്ഥര്‍ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പെട്രോളിംഗ് നടത്തുന്നത്. സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍ , ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് പെട്രോളിംഗ്. എന്നാല്‍ ഇവരുടെ പ്രധാന ശ്രദ്ധാകേന്ദ്രം ബസ്റ്റോപ്പുകളാണ്.

പലപ്പോഴും സ്‌കൂള്‍-കോളേജ് വിദ്യര്‍ത്ഥികളെ മാത്രം കേന്ദ്രീകരിച്ചാണ് പെട്രോളിംഗ്. ബസ്റ്റോപ്പുകളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചുനിന്നാല്‍ അവരെ ഭയപ്പെടുത്തും. ബാക്കി സമയങ്ങളില്‍ ഇവരുടെ പ്രത്യോക വാഹനത്തില്‍ കയറി നഗരത്തിലുടനീളം കറങ്ങും.

 

പലപ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ മൊബൈല്‍ ഫോണുകളില്‍ നോക്കി നില്‍ക്കുന്നത് കാണാം.ഇതാണ് നിലവില്‍ പിങ്ക് പൊലീസ് ചെയ്തുവരുന്നത്. പകല്‍സമയങ്ങളില്‍ പിങ്ക് പൊലീസിന്റെ പെട്രോളിംഗ് ഉണ്ടായിട്ടുകൂടി നഗരത്തില്‍ പലഭാഗങ്ങളിലായി സ്ത്രീകള്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലടക്കം സ്ത്രീകള്‍ സുരക്ഷിതരല്ല. മാത്രമല്ല ഏതുനേരം വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് ഇന്ന് സ്ത്രീകള്‍.

 

പകല്‍ സമയങ്ങളില്‍ നാലും രാത്രി ഒന്നും ഇങ്ങനെ അഞ്ച് പെട്രോളിംഗാണ് പിങ്ക് പൊലീസിനുള്ളത്. ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മ്യൂസിയങ്ങളിലാണ്. അങ്ങനെ വരുമ്പോള്‍ നഗരത്തില്‍ തന്നെ പെട്രോളിംഗ് ആത്യാവശ്യമുള്ള പ്രദേശങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്നുന്നതില്‍ വീഴ്ച്ച സംഭവിക്കും. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നഗരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. പലപ്പോഴും സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ച പിങ്ക് പൊലീസ് രാത്രി സമയങ്ങളില്‍ അപ്രതീക്ഷമാകും. അവരുടെ തന്നെ സുരക്ഷയെ ഭയന്ന് മാളത്തിലൊളിക്കുന്നു എന്നതാണ് സത്യം.

 

OTHER SECTIONS