By Web Desk.17 01 2023
എന്തൊരു തണുപ്പാണ്! വൃശ്ചികപ്പുലരികളില്‍ നമ്മള്‍ മലയാളികള്‍ പറയാറുണ്ട്. അതൊക്കെ ഒരു തണുപ്പാണോ! ചോദിക്കുന്നത് റഷ്യയിലെ ഒരു പ്രദേശത്തുള്ളവരാണ്.
കൃത്യമായി പറഞ്ഞാല്‍ റഷ്യയുടെ വടക്കേ അറ്റത്തുള്ള സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രദേശത്തെ ജനങ്ങള്‍. ലെന നദിയുടെ തീരത്തുള്ള യാക്കൂറ്റ്‌സില്‍ വെറും തണുപ്പല്ല, റെഫ്രിജറേറ്ററില്‍ അകപ്പെട്ട പോലെയാണ്!
ലോകത്തെ ഏറ്റവും തണുപ്പുള്ള നഗരമാണിത്. താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. എങ്ങനെയാണ് പ്രദേശവാസികള്‍ തണുപ്പിനെ പ്രതിരോധിക്കുന്നത്? ശരീരത്തിന് ചൂട് ഉറപ്പാക്കുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും പാളികള്‍ പോലെ ധരിക്കും. രണ്ടും മൂന്നും ഗ്ലൗസ് ഉണ്ടാകും. ഇതിനെല്ലാം പുറമേ സ്‌കാര്‍ഫും വിന്റര്‍ തൊപ്പികളും ബൂട്ടുകളും.
1922 മുതല്‍ സാഖ ഒരു സ്വയംഭരണ പ്രദേശമാണ്. റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും പത്തുലക്ഷത്തില്‍ താഴെ മാത്രമാണ് സാഖയിലെ ജനസംഖ്യ. യാക്കുറ്റ്‌സ് നഗരത്തില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്നു.
സൈബീരിയക്കാരായ യാക്കുറ്റ്‌സുകളാണ് ജനസംഖ്യയില്‍ പകുതിയിലും 39 ശതമാനത്തോളം റഷ്യന്‍ വംശജരുണ്ട്. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പട്ടണമാണ് യാക്കുറ്റ്‌സ്.