By Lekshmi.07 02 2023
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.പാങ്ങോട് സ്വദേശിയായ അഫ്സലിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ പി ബ്ളോക്കിൽ വെച്ച് മർദ്ദനമേറ്റത്.സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
തുടർന്ന് വിഷയത്തിൽ അന്വേഷണ വിധേയമായി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു.ഇതിന് പിന്നാലെയാണ് മനുഷ്യാകാശ കമ്മീഷന്റെ ഇടപെടലുണ്ടാകുന്നത്.വിഷയത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ ഉത്തരവ്.
അതേസമയം കഴിഞ്ഞ ശനിയാഴ്ച ഒ പി ബ്ളോക്കിലെ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിൽ വെച്ചായിരുന്നു യുവാവിനെ സുരക്ഷാ ജീവനക്കാർ കസേരയിൽ പിടിച്ചിരുത്തി മർദ്ദിച്ചത്.ഒ പി സമയം കഴിഞ്ഞതിന് ശേഷവും ബ്ളോക്കിൽ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.മർദ്ദനവിവരം വാർത്തയായെങ്കിലും പരാതി നൽകാൻ യുവാവ് തയ്യാറായിരുന്നില്ല.അതിനാൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.