By Web Desk.04 02 2023
കൊച്ചി: സംസ്ഥാന ബജറ്റിലെ വിലവര്‍ധന പ്രഖ്യാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വഴിനീളെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയത്.
ഇന്നു ജില്ലയില്‍ മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈന്‍ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ബജറ്റ് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.