By Lekshmi.19 03 2023
റായ്പൂര്‍: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തിനിടെ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു.ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ബിലാസ്പൂര്‍ പട്ടണത്തിലെ ഗവണ്‍മെന്റ് സയന്‍സ് കോളേജ് ഒന്നാം വര്‍ഷ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് വിദ്യാര്‍ത്ഥിയായ അശുതോഷ് സാവോ ആണ് മരിച്ചത്.തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് ഇന്‍സ്റ്റഗ്രാം റീലുകള്‍ ഷൂട്ട് ചെയ്യാന്‍ പോയതായിരുന്നു സാവോ. ചിത്രീകരണത്തിനായി സാവോ ടെറസിന്റെ മുകളിൽ നിന്ന് സണ്‍ഷേഡിലേക്ക് ചാടി.
എന്നാല്‍ 20 അടി ഉയരത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വിദ്യാര്‍ത്ഥി വീണത്.ഉടന്‍ സുഹൃത്തുക്കള്‍ താഴെയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ സാവോ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.