By Web Desk.28 11 2022
ഷിബു ഗോപാലകൃഷ്ണന്
അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുടെ പുറത്താണ് എല്ലാ കളികളും അരങ്ങേറുന്നത്. ആരെയും അങ്ങനെ എഴുതിത്തള്ളാന്‍ കഴിയാത്ത അനിശ്ചിതത്വമാണ് ഗാലറികളെ ചങ്കിടിപ്പുള്ളതാക്കുന്നത്.
ലോക രണ്ടാംനമ്പര്‍ ടീമായ ബെല്‍ജിയത്തെ മൊറോക്കോ തോല്‍പ്പിക്കുമെന്നു ലോകം കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ മൊറോക്കോ അങ്ങനെ കരുതിയിരുന്നു. നാളിതുവരെ രണ്ടുമത്സരങ്ങള്‍ മാത്രം ലോകകപ്പില്‍ ജയിച്ചിട്ടുള്ള അവര്‍ക്കിത് അട്ടിമറി മാത്രമല്ല 24 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു ലോകകപ്പ് വിജയം കൂടിയാണ്. ബ്രസല്‍സ് കത്തുന്നത് ഈ പരാജയത്തിലെ അപ്രതീക്ഷിതത്വം കൊണ്ടാണ്. അത്രമേല്‍ വലിയ ആഘാതമാണ് ഏകപക്ഷീയമായ രണ്ടുഗോളിനു മൊറോക്കോ ബെല്‍ജിയത്തിനു നല്‍കിയത്. ഗ്രൂപ്പില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി അവര്‍ ആഫ്രിക്കയുടെ അഭിമാനപതാകയായി.
മത്സരശേഷം ക്യാമറകളെ വഴിയിലുപേക്ഷിച്ചു മൊറോക്കോയുടെ രണ്ടാം ഗോളിന്റെ വഴിവെട്ടുകാരന്, അഷ്റഫ് ഹകിമി ഗാലറിക്കരികിലേക്കു നടന്നുവന്നു. മാഡ്രിഡില്‍ ജനിച്ചിട്ടും ലോകകപ്പ് കളിയ്ക്കാന്‍ അമ്മയുടെ രാജ്യം തിരഞ്ഞെടുത്ത ഹകിമി ഓടിക്കയറി അമ്മയെ കെട്ടിപിടിച്ചു, ജഴ്സി ഊരി തന്റെ ഏറ്റവും വലിയ ആരാധികയായ അമ്മയ്ക്ക് സമ്മാനിച്ചു.
മകന് ലോകകപ്പ് കളിക്കുന്നതുകാണാന്‍ മുന്‍നിരയില്‍ വന്നിരുന്ന മാഡ്രിഡിലെ ഒരു പഴയ വീട്ടുവേലക്കാരിയുടെ സാഫല്യമുത്തം.