By Shyma Mohan.01 12 2022
ദോഹ: ഫിഫയില്‍ ചരിത്രം സൃഷ്ടിക്കാന്‍ സ്റ്റെഫാനി ഫ്രാപ്പാര്ട്ടിന്റെ നേതൃത്വത്തില്‍ വനിതാ റഫറി ത്രയം ഇന്ന് പോര്‍ക്കളത്തില്‍. പുരുഷന്മാരുടെ ഫിഫ ലോകകപ്പ് മത്സരത്തില്‍ റഫറിയാകുന്ന ആദ്യ വനിതയായി ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് വ്യാഴാഴ്ച ചരിത്രം കുറിക്കും.
കോസ്റ്റാറിക്കയും ജര്‍മ്മനിയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പ് ഇ മത്സരത്തിന്റെ ചുമതലയാണ് മൂന്ന് വനിതാ റഫറിമാരുടെ സംഘത്തിനുള്ളത്. സ്റ്റെഫാനിക്കൊപ്പം ബ്രസീലിന്റെ ന്യൂസ ബാക്കും മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസ് മദീനയും ഫ്രഞ്ച് വനിതയെ പിന്തുണയ്ക്കുന്ന രണ്ട് അണിയറക്കാരായി മാറും.
2019ല്‍ ഫ്രാന്‍സിലെ ലീഗ് വണ്‍ നിയന്ത്രിച്ച് സ്റ്റെഫാനി ഇതിനുമുന്‍പും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച പുതുചരിത്രം കുറിക്കുന്നത് ഖത്തര്‍ മണ്ണിലാണെന്നത് ഏറെ ശ്രദ്ധേയമാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമില്ലാതെ പുരുഷന്മാര് എടുക്കുന്ന തീരുമാനത്തിന്റെ പിന്‍ബലത്തില്‍ ഖത്തറിലെ സ്ത്രീകള്‍ ജീവിക്കുന്നയിടത്താണ് സ്റ്റെഫാനിയുടെ ചരിത്ര നേട്ടം കുറിക്കാനൊരുങ്ങുന്നത്.
ഒരു വനിതാ റഫറിയെ പോലും മാതൃകയാക്കാനില്ലാതിരുന്ന കാലത്താണ് 1993ല്‍ പത്താമത്തെ വയസ്സില്‍ സ്റ്റെഫാനി ഫുട്ബോള്‍ ഗ്രൗണ്ടിലിറങ്ങുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ യൂത്ത് ഗെയിംസ് മത്സരങ്ങള്‍ നിയന്ത്രിച്ച് റഫറി കരിയറിന് തുടക്കമിട്ടു. ഫിഫയുടെ അന്താരാഷ്ട്ര റഫറി പട്ടികയില്‍ 2009ല്‍ സ്ഥാനം നേടിയ സ്റ്റഫാനി, 2015 ല്‍ കാനഡയില്‍ നടന്ന വനിതാ ഫിഫാ വനിതാ ലോകകപ്പില്‍ റഫറിയായി. 2020ല്‍ യുവന്റസും ഡൈനാമോ കീവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം, 2021 ലെ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയവയിലും ആദ്യ വനിതാ റഫറിയായി.
2016 മുതല്‍ ബ്രസീലിലെ ബി ഡിവിഷന് ലീഗില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചാണ് ന്യൂസയുടെ തുടക്കം. 147 മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഒട്ടേറെ മത്സരങ്ങളില്‍ ഒന്നാം അസിസ്റ്റന്റ് ,രണ്ടാം അസിസ്റ്റന്റ് റഫറിയായി നിയന്ത്രിച്ചിട്ടുണ്ട്. ഈ മത്സരത്തില്‍ ഒന്നാം അസിസ്റ്റന്റ് റഫറിയാണ് ന്യൂസ.
മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസ് മദീനയാണ് മത്സരത്തിലെ മറ്റൊരു വനിതാ റഫറി. എന്‍ജിനിയറിങ് ബിരുദധാരിയായ കാരെന് രണ്ടാം അസിസ്റ്റന്റ് റഫറിയാണ്. 2020 ല്‍ ലീഗ് ഫൈനലിന്റെ രണ്ടാം പാദത്തില്‍ അസിസ്റ്റന്റ് റഫറിയായ ആദ്യ വനിത കൂടിയാണ് കാരെന്. 2016 മുതലാണ് മെക്സിക്കോ ലീഗില്‍ കളി നിയന്ത്രിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ തന്നെ ക്രൊയേഷ്യ മൊറോക്കോ, പോര്‍ച്ചുഗല്‍ ഘാന മത്സരങ്ങളില്‍ റിസര്‍വ് അസിസ്റ്റന്റ് റഫറിയായിരുന്നു. അമേരിക്കക്കാരിയായ കാത്റിന് നെസ്ബിറ്റിനെ വീഡിയോ റിവ്യൂ ടീമിലും ഫിഫ ഉള്‍പ്പെടുത്തിയിട്ടുണ്ട്.