By Shyma Mohan.26 09 2022
ലണ്ടന്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ പോലെ ഒരു വിട വാങ്ങല്‍ മത്സരത്തിന് താന്‍ അര്‍ഹനല്ലെന്ന് ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെ. ഫെഡററെ അവസാന മത്സരത്തിനിടെ കാണുന്നത് സവിശേഷമായിരുന്നെന്നും മുറെ അഭിപ്രായപ്പെട്ടു.
'ഞാന്‍ ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ല. തീര്‍ച്ചയായും അത്തരത്തിലുള്ള ഒരു യാത്രയയപ്പ് നല്‍കില്ല. അര്‍ഹനുമല്ല' വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മുറെ പറഞ്ഞു.
റോജര്‍ അര്‍ഹനായിരുന്നു. കോര്‍ട്ടിന് വശത്ത് കാണുന്നതും അവര്‍ അവിടെ ഉണ്ടായിരിക്കുന്നതും വളരെ സ്‌പെഷ്യലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു വിടവാങ്ങല്‍ പോലൊരു മത്സരം നടത്താന്‍ പോകുന്നില്ലെന്ന് കരുതുന്നു. എന്റെ അവസാന ഈവന്റും മറ്റും എപ്പോള്‍ കളിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ പ്രഖ്യാപിക്കും. എന്നാല്‍ അത് എപ്പോഴാണെന്ന് എനിക്കറിയില്ല' മുറെ വ്യക്തമാക്കി.
മൂന്നുതവണ പ്രധാന സിംഗിള്‍സ് ചാമ്പ്യനായ ആന്‍ഡി മുറെ ലേവര്‍ കപ്പില്‍ അലക്‌സ് ഡി മിനൗറിനോട് 7-5, 3-6, 7-10 എന്ന സ്‌കോറിന് തോറ്റിരുന്നു. ഡബിള്‍സില്‍ മുറെ-മാറ്റിയോ ബെറെറ്റിനി സഖ്യം ഫെലിക്‌സ് ഔഗര്‍ അലിയാസിം-ജാക്ക്‌സോക്ക് സഖ്യത്തോട് 6-2, 3-6,8-10ന് പരാജയം ഏറ്റുവാങ്ങിയിരുന്നു.