മലയാളിക്കിത് അഭിമാന നിമിഷം; പകരം വെയ്ക്കാനില്ലാത്ത പ്രണോയ്

By Shyma Mohan.15 11 2022

imran-azhar

 

തിരുവനന്തപുരം: പകരം വെയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ എച്ച്എസ് പ്രണോയിയെ തേടി അര്‍ജുന പുരസ്‌കാരം എത്തുമ്പോള്‍ മലയാളിക്കിത് അഭിമാന നിമിഷം. തിരുവനന്തപുരം സ്വദേശിയായ സുനില്‍ കുമാര്‍, ഹസീന ദമ്പതികളുടെ മകനാണ് ഇന്ത്യയുടെ തന്നെ അഭിമാനമായ 30കാരനായ പ്രണോയ്.

 

ബാഡ്മിന്റണില്‍ പുരുഷ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോമസ് കപ്പില്‍ പ്രണോയിയുടെ മികവിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണം ചൂടിയത്. ഇന്ത്യയുടെ മികച്ച താരവും മറ്റാരുമായിരുന്നില്ല; പ്രണോയ് തന്നെയായിരുന്നു. തോമസ് കപ്പ് ബാഡ്മിന്റണിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുന പുരസ്‌കാരം ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധ്യതാ പട്ടികയില്‍ ഒതുങ്ങി നില്‍ക്കേണ്ടിവന്നിരുന്നു പ്രണോയിക്ക്. പക്ഷേ, നിരാശയായിരുന്നു ഫലം. എന്നാല്‍ ഇക്കുറി പ്രണോയിയുടെ മികവിനെ കണ്ടില്ലെന്ന് നടിക്കാനായില്ല.

 

പുരസ്‌കാരം കുടുംബത്തിനും പരിശീലകന്‍ ഗോപീചന്ദിനും സമര്‍പ്പിക്കുന്നുവെന്നായിരുന്നു പ്രണോയ് പ്രതികരിച്ചത്. കരിയറില്‍ ഇതുവരെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരം. രാജ്യത്തിന്റെ അംഗീകാരം കൂടുതല്‍ മികച്ച പ്രകടനത്തിനുള്ള പ്രചോദനമാണെന്നും പ്രണോയ് പറഞ്ഞു.

 

ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് മലയാളി താരം. സെപ്തംബറില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെ പിന്തള്ളി ഒന്നാം സ്ഥാനവും മലയാളിയുടെ അഭിമാന താരം അലങ്കരിച്ചിരുന്നു.

 

ബാഡ്മിന്റണില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടാം നമ്പര്‍ താരമായ പ്രണോയ് ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. 2010 സമ്മര്‍ യൂത്ത് ഒളിംപിക്‌സില്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് പ്രണോയുടെ പ്രതിഭ ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ വെള്ളി മെഡല്‍ നേടി ശക്തമായ തന്റെ വരവ് അറിയിച്ചു പ്രണോയ്.

 

 

 

 

OTHER SECTIONS