By Shyma Mohan.28 08 2022
ദുബായ്: ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവില്‍ ഇന്ത്യക്ക് വിജയം.
ജയം ഒരുഘട്ടത്തില്‍ ഇന്ത്യക്ക് അപ്രാപ്യമെന്ന് തോന്നിച്ചെങ്കിലും ജഡേജയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും മനസാന്നിധ്യം കൊണ്ടുമാത്രം അവസാനം ജയം ഇന്ത്യക്കൊപ്പം നിന്നു. അവസാന ഓവറില്‍ മുഹമ്മദ് നവാസിന്റെ പന്തില്‍ ജഡേജ പുറത്തായെങ്കിലും 19.4 ഓവറില്‍ രണ്ട് പന്ത് മാത്രം ശേഷിക്കേ ഹാര്‍ദിക് പാണ്ഡ്യ നേടിയ തകര്‍പ്പന്‍ സിക്സറിന്റെ പിന്‍ബലത്തില്‍ ഇന്ത്യ വിജയം കൈപ്പിടിയില്‍ ഒതുക്കി. സമ്മര്‍ദ്ദങ്ങളെ മറികടന്ന് 17 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 35 റണ്‍സ് നേടിയ ജഡേജയുമാണ് ഇന്ത്യയുടെ വിജയശില്പികള്.
ഓപ്പണര്‍ കെ.എല്‍ രാഹുലിനെ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കി പാക് അരങ്ങേറ്റ താരം നസീം ഷായുടെ ആദ്യ ഷോക്ക് നല്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സ് ആരംഭിച്ചത്. പിന്നാലെ എത്തിയത് നൂറാം രാജ്യാന്തര ട്വിന്റി20 മത്സരം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. രോഹിത് ശര്‍മ്മയെ കാഴ്ചക്കാരനാക്കി കോഹ്ലി തകര്‍പ്പന്‍ ബാറ്റിംഗ് തുടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ പതുക്കെ മുന്നോട്ടുചലിച്ചു. ഇന്ത്യക്ക് അടുത്ത തിരിച്ചടി നല്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മുഹമ്മദ് നവാസ് പുറത്താക്കിയതോടെ സമ്മര്‍ദ്ദത്തിലായ കോഹ് ലി ഉയര്‍ത്തിയടിച്ച് സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മുഹമ്മദ് നാവാസിന്റെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിന്റെ കൈകളില്‍ ഒതുങ്ങി. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന് ലഭിച്ച രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. സൂര്യകുമാര്‍ യാദവിനൊപ്പമുള്ള ജഡേജയുടെ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 36 പാര്‍ട്ണര്‍ഷിപ്പില്‍ നില്‍ക്കേ നസീം ഷാക്ക് അടുത്ത വിക്കറ്റ്. കോഹ് ലി 35 റണ്‍സ് നേടി പുറത്തായി. 18 പന്തില്‍ 12 റണ്‍സായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.
നേരത്തെ ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച ഇന്ത്യ പാകിസ്ഥാനെ 19.5 ഓവറില്‍ 147 റണ്‍സിന് പുറത്താക്കിയിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന് ബാറ്റിംഗ് ആരംഭിച്ചത്. 43 റണ്‍സ് നേടിയ മുഹമ്മദ് റിസ് വാനും 28 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദുമാണ് പാകിസ്ഥാന് അല്പമെങ്കിലും ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മറ്റ് താരങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഖുശ്ദില്‍ ഷാ രണ്ട് റണ്‍സിനും ഷദബ് ഖാന് 10നും ആസിഫ് അലി 9 റണ്‍സിനും മുഹമ്മദ് നവാസ് ഒരു റണ്ണിനും പുറത്തായി. നസീം ഷാ ഡക്കിന് പുറത്തായി. പത്താം വിക്കറ്റില്‍ ഹാരിസ് റൗഫും ഷാനവാസ് ദഹാനിയുമാണ് സ്കോര്‍ 147ല്‍ എത്തിച്ചത്. ഹാരിസ് 13 റണ്‍സും ദഹാനി 16 റണ്‍സും നേടി.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും വീഴ്ത്തി.