ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ- ഹോങ്കോങ് മത്സരം

By parvathyanoop.31 08 2022

imran-azhar

 

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. ആതിഥേയരായ യുഎഇയെ തകര്‍ത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.പാക്കിസ്ഥാനെതിരെ ആദ്യ മത്സരം ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം പുതിയ പരീക്ഷണമാണ്.ആദ്യ മത്സരം നടന്ന ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരവും നടക്കുന്നത്.

 

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും ഹോങ്കോങും നേര്‍ക്കുനേര്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. മുമ്പ് രണ്ട് തവണയും ഏകദിനങ്ങളിലാണ് ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്.

 

രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. 2018 ഏഷ്യാ കപ്പില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ 26 റണ്‍സിന് ഇന്ത്യ ജയിച്ചു.അന്തിമ ഇലവനില്‍ റിഷഭ് പന്തിനെ വേണോ ദിനേശ് കാര്‍ത്തിക്കിനെ വേണോ കളിപ്പിക്കാന്‍ എന്നതും ഇന്ത്യയുടെ ആശയക്കുഴപ്പമാണ്.

 

ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി തിളങ്ങിയ കാര്‍ത്തിക്കിന് പക്ഷെ ബാറ്റിംഗില്‍ കാര്യമായ റോള്‍ ഇല്ലായിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ കാര്‍ത്തിക് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

 

 

OTHER SECTIONS