ലെക്കി 'ലക്കി'യായി; ഡെന്മാര്‍ക്കിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍

By Shyma Mohan.30 11 2022

imran-azhar

 


ദോഹ: ഗ്രൂപ്പ് ഡിയില്‍ നിലവിലെ ലോകചാമ്പ്യന്‍മാര്‍ക്കൊപ്പം പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. എതിരില്ലാത്ത ഒരു ഗോളിന് ഡെന്മാര്‍ക്കിനെ അട്ടിമറിച്ചാണ് ഓസ്‌ട്രേലിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.

 

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കില്‍ 60ാം മിനിറ്റില്‍ മാത്യു ലെക്കിയിലൂടെ ഓസ്‌ട്രേലിയയുടെ ഭാഗ്യമെത്തി. മാത്യു ലെക്കിയാണ് ഓസ്‌ട്രേലിയക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. റൈലി മഗ്രിയുടെ പാസ് എടുത്ത ലെക്കി ഡെന്മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്‌ലെയെ കബളിപ്പിച്ച് ഡെന്മാര്‍ക്ക് വല കുലുക്കുകയായിരുന്നു.

 

ആദ്യ പകുതിയില്‍ 66 ശതമാനം പന്തടക്കവും അഞ്ച് ഷോട്ടുകളുമായി ഡെന്മാര്‍ക്ക് മുന്നിലെത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. പ്രത്യാക്രമണത്തില്‍ നാലു തവണ ഡെന്മാര്‍ക്ക് ഗോള്‍ മുഖത്തേക്ക് ഓസ്‌ട്രേലിയയും ലക്ഷ്യമിട്ടു. പത്താം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ കോര്‍ണര്‍ മാത്യു ലെക്കി ഹെഡ് ചെയ്ത് അകറ്റി.

 

പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് സമനില മാത്രം മതിയായിരുന്ന ഓസ്‌ട്രേലിയ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ഉണര്‍ന്നു കളിച്ചത് ഡെന്മാര്‍ക്കായിരുന്നു. മാര്‍ട്ടിന്‍ ബ്രെയ്ത്ത് വെയ്റ്റും ആന്ദ്രേസ് സ്‌കോവ് ഓള്‍സനും മതിയാസ് ജെന്‍സനും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തി. ഗോള്‍കീപ്പര്‍ മാത്യു റയാന്റെ സേവുകളാണ് ഓസ്‌ട്രേലിയന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്.

OTHER SECTIONS