ഏകദിന പരമ്പര: ധവാന്‍ ക്യാപ്റ്റന്‍; സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍!

By Shyma Mohan.27 09 2022

imran-azhar

 


മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് ട്വിന്റി20 ലോകകപ്പിന് പോകുന്ന ടീമംഗങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.

 

ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മികച്ച കളി പുറത്തെടുത്തതിന്റെ പിന്‍ബലത്തിലാണ് സഞ്ജുവിന് സ്ഥാനക്കയറ്റം നല്‍കുന്നതെന്നാണ് വിവരം. കീവിസിനെതിരെ സഞ്ജുവിന്റെ നേതൃത്വത്തില്‍ ടീം പരമ്പര സ്വന്തമാക്കിയിരുന്നു.

 


മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിക്കും. വിവിഎസ് ലക്ഷ്മണ്‍ പരിശീലകനായി ടീമിനൊപ്പം ചേരും. കോവിഡിനെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഏഷ്യാകപ്പില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തിയിരുന്നു.

 

ലോകകപ്പിനായി ഓസീസ് പിച്ചില്‍ മത്സര പരിചയം കൈവരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒക്ടോബര്‍ 6ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. അന്നുതന്നെയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനം നടക്കുന്നത്.

 

ഏകദിനത്തിനുള്ള സാധ്യതാ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക്ക്‌വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, രജത് പട്ടേദാര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.

OTHER SECTIONS