By Shyma Mohan.07 12 2022
ധാക്ക: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നായകന് രോഹിത് ശര്‍മ്മ ഒമ്പതാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയെങ്കിലും ബംഗ്ലാദേശ് ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനായില്ല.
അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരത്തില്‍ ഇന്ത്യ പൊരുതിക്കീഴടങ്ങുകയായിരുന്നു. ഇന്ത്യക്ക് 5 റണ്‍സിന്റെ തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സില്‍ അവസാനിച്ചു.
മുഹമ്മദ് സിറാജിനെ ഒരുവശത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു രോഹിത് ശര്‍മ്മയുടെ പോരാട്ടം. 48ാം ഓവറില്‍ ഒരു പന്ത് പോലും മുഹമ്മദ് സിറാജിന് കളിക്കാന്‍ കഴിയാതിരുന്നതും ഇന്ത്യക്ക് സമ്മര്‍ദ്ദം ഇരട്ടിച്ചു. 49ാം ഓവറിന്റെ അവസാന പന്തില്‍ സിറാജിനെ മഹമുദുള്ള പറഞ്ഞയച്ചു. രോഹിത് ശര്‍മ്മ ക്രീസില്‍ ഇറങ്ങുംവരെ ബംഗ്ലാദേശിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ക്യാപ്റ്റന്റെ വീര്യം കുറയ്ക്കാന്‍ പരിക്കിനായില്ല. ബംഗ്ലാ കടുവകളെ വിറപ്പിച്ച രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറി നേടി. 28 പന്തില്‍ അഞ്ച് സിക്റുകളുടെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ രോഹിത് ശര്‍മ്മ 51 റണ്‍സ് നേടി പുറത്താകാതെ നിന്നു.
4ന് 65 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്നാണ് പിടിച്ചുനിര്‍ത്തിയത്. 82 റണ്‍സെടുത്ത ശ്രേയ്യസ് അയ്യരും 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. ബംഗ്ലാദേശിന് വേണ്ടി പേരിലെ പെരുമ ആവോളമുള്ള മുന്‍നിരയുടെ തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ശിഖര്‍ ധവാനൊപ്പം വിരാട് കോഹ്ലിയാണ് ഓപ്പണിംഗ് വിക്കറ്റില്‍ എത്തിയത്. വന്ന വേഗത്തില്‍ തന്നെ കിംഗ് കോഹ്ലി തിരികെ മടങ്ങി. എബഡോട്ട് ഹുസൈനായിരുന്നു വിക്കറ്റ്. സീനിയര്‍ താരമായ ശിഖര്‍ ധവാനും പോരാട്ടം ഒന്നും കൂടാതെ മുസ്താഫിസുറിന് വിക്കറ്റ് നല്കി മടങ്ങി. കോലി ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്തും ധവാന് 10 പന്തില്‍ എട്ട് റണ്‍സെടുത്തുമാണ് പുറത്തായത്.
ഇരുവരും പുറത്തായപ്പോള്‍ 13 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ശ്രേയസ് അയ്യര്‍ - വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സുന്ദറിന് അധികം ആയുസ് ഉണ്ടായില്ല. 19 പന്തില്‍ 11 റണ്‍സ് എടുത്ത വാഷിംഗ്ടണ്‍ സുന്ദറിനെ ഷാക്കിബ് മടക്കി. കെ എല്‍ രാഹുലിനും ബംഗ്ലാദേശ് ബൗളിംഗ് നിര അധികം അവസരം നല്‍കിയില്ല. 14 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ തിരികെ ഡഗ് ഔട്ടിലെത്തി.
ഒരറ്റത്ത് ശ്രേയ്യസ് അയ്യര്‍ ഉറച്ച് നിന്നതാണ് ഇന്ത്യക്ക് ആകെ പ്രതീക്ഷയുണ്ടായിരുന്നത്. അക്സര്‍ പട്ടേലും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടുതുടങ്ങി. സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച ഇന്നിംഗ്സിന് ഒടുവില്‍ ശ്രേയ്യസ്, മെഹ്ദി ഹസന് മുന്നില്‍ വീണു. ബാറ്റിംഗിന് പ്രയാസമുള്ള പിച്ചില്‍ 102 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സറും പായിച്ചാണ് ശ്രേയ്യസ് 82 റണ്‍സ് അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ കടുത്ത ബൗളിംഗിന് മുന്നില്‍ പൊരുതി നിന്ന അക്സര്‍ പട്ടേലും പിന്നാലെ മടങ്ങി. 56 പന്തില്‍ അത്രയും റണ്‍സ് തന്നെയായിരുന്നു അക്സറിന്റെ സമ്പാദ്യം. ഷര്‍ദുല്‍ താക്കൂറും മടങ്ങിയതോടെയാണ് പരിക്കേറ്റ രോഹിത് ശര്‍മ ക്രീസിലെത്തിയത്.
നാസും അഹമ്മദും എബാഡോട്ട് ഹുസൈനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. 19ാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിന് രക്ഷകരായി മെഹിദി ഹസന് മിറാസും മഹ്മുദുള്ളയും. 83 പന്തില്‍ സെഞ്ചുറിയുമായി മെഹിദി പുറത്താകാതെ നിന്നതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. 96 പന്തില്‍ 77 റണ്‍സെടുത്ത മഹ്മുദുള്ള മെഹിദിക്ക് ഉജ്വല പിന്തുണ നല്കി.
ഒരു ഘട്ടത്തില്‍ സ്കോര്‍ 100 കടക്കാന്‍ പ്രയാസപ്പെട്ടിരിക്കുന്ന വേളയിലാണ് ഇരുവരുടെയും മാസ്മരിക കൂട്ടുകെട്ട് പിറന്നത്. ഇരുവരും ചേര്‍ന്ന് 148 റണ്‍സെടുത്തതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറിയത്. തുടര്‍ന്നിറങ്ങിയ നാസും അഹമ്മദിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി മെഹിദി സ്കോര്‍ ചലിപ്പിച്ചു. നാസും 11 പന്തില്‍ 18 റണ്‍സ് നേടി പുറത്താകെ നിന്നു. നാസുമിനെ സംരക്ഷിച്ചുകൊണ്ടുള്ള ബാറ്റിംഗ് പ്രകടനം നടത്തി കൂടുതല്‍ വിക്കറ്റുകള്‍ വീഴാതെ മെഹിദി കാത്തുസൂക്ഷിക്കുകയും ചെയ്തു.
അനമുല്‍ ഹഖ് 11, ലിറ്റണ്‍ ദാസ് 7, നജ്മുല്‍ ഹുസൈന് ഷാന്റോ 21, ഷക്കീബ് അല്‍ ഹസന് 8, മുഷ്ഫിഖുര്‍ റഹിം 12 റണ്‍സിനും പുറത്തായി. അഫീഫ് ഹുസൈന് ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി.
വാഷിംഗ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റും മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓപ്പണര്‍മാരായ അനമുല്‍ ഹഖിന്റെയും ലിറ്റണ്‍ ദാസിന്റെയും വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. നജീമുല്‍ ഹുസൈന് ഷാന്റോയുടെ വിക്കറ്റ് ഉമ്രാന് മാലിക് പിഴുതി. ഷക്കീബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, അഫിഫ് ഹുസൈന് എന്നിവരുടെ വിക്കറ്റുകളാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പിഴുതത്.