By Shyma Mohan.07 12 2022
ധാക്ക: ബംഗ്ലാദേശിനെതിരെ ശനിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പങ്കെടുക്കില്ല. മത്സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിച്ചു.
ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു രോഹിത് ശര്‍മ്മയ്ക്ക് തള്ളവിരലിന് പരിക്കേറ്റത്. ഉടന്‍ തന്നെ ധാക്കയിലെ ആശുപത്രിയില്‍ സ്കാനിംഗിന് വിധേയനാകേണ്ടിയും വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഒമ്പതാമനായി ഇറങ്ങി ബംഗ്ലാദേശിനെ വിറപ്പിച്ച് അര്ദ്ധസെഞ്ചുറിയെടുത്ത് പുറത്താകാതെ നില്‍ക്കുകയും ചെയ്തു.
പരിക്കിന്റെ ഗൗരവം അറിയാന്‍ മുംബൈയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇന്ത്യന്‍ നായകന്.. ഇതോടെ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെ സാന്നിധ്യം അനിശ്ചിതത്വത്തിലായി.
പരിക്കുകളാല്‍ വലയുകയാണെന്നും കാര്യങ്ങള്‍ അനുകൂലമല്ലെന്നും ദ്രാവിഡ് പ്രതികരിച്ചു. കുല്‍ദീപിനും ദീപക്കിനും രോഹിത്തിനും അടുത്ത മത്സരം നഷ്ടമാകും. വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം രോഹിത് ശര്‍മ്മ മുംബൈയിലേക്ക് മടങ്ങുകയാണ്. ടെസ്റ്റിന് മടങ്ങിവരുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു.
പരിക്കേറ്റതിന് പിന്നാലെ വന്ന് അര്‍ദ്ധ സെഞ്ചുറി തികച്ച് പോരാട്ടവീര്യം പുറത്തെടുത്ത രോഹിത് ശര്‍മ്മയെ ദ്രാവിഡ് അഭിനന്ദിക്കുകയുമുണ്ടായി. ആശുപത്രിയില്‍ പോയി. കയ്യില്‍ ഒരു ഡിസ് ലൊക്കേഷന്‍ ഉണ്ടായിരുന്നു. അത് ശരിയാക്കി, രണ്ട് കുത്തിവെയ്പ്പ് എടുത്ത ശേഷം ഫീല്‍ഡിലേക്ക് മടങ്ങിവന്ന രോഹിതിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ബാറ്റ് ചെയ്യണമെന്ന് തീരുമാനിച്ചുറച്ചായിരുന്നു രോഹിത് ഇറങ്ങിയത്. രോഹിത്തിന്റെ പ്രകടനം കൊണ്ട് എത്രത്തോളം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു എന്നത് അതിശയകരമായിരുന്നെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.