മെസിയെയും റോണോയെയും മോര്‍ഫ് ചെയ്ത് ഇന്ത്യന്‍ ഇതിഹാസം

By Shyma Mohan.03 12 2022

imran-azhar

 

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റ് ആരാധകരുടെ ഹൃദയം കവര്‍ന്നു. ഇപ്പോള്‍ വൈറലായിരിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ - ലയണല്‍ മെസി എന്നീ സൂപ്പര്‍ താരങ്ങളുടെ ഫോട്ടോയുടെ മോര്‍ഫ് ചെയ്ത പതിപ്പായിരുന്നു ട്വീറ്റ്.

 

രണ്ട് ഇതിഹാസ ഫുട്‌ബോള്‍ താരങ്ങള്‍ ചെസില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് പോസ്. ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് ഫുട്‌ബോള്‍ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് അവരുടെ ആരാധനാപാത്രങ്ങളുടെ ഫോട്ടോ സ്വീകരിച്ചത്. ആഢംബര ബ്രാന്‍ഡായ ലൂയിസ് വിറ്റോണിന്റെ പ്രമോഷണല്‍ ക്യാംപെയിന്റെ ഭാഗമായിരുന്നു ഫോട്ടോ.

 

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്ന സാക്ഷാല്‍ എംഎസ് ധോണി ഇതേ ചിത്രം ഉപയോഗിച്ചിരിക്കുകയാണ്. എന്നാല്‍ റൊണാള്‍ഡോയുടെയും മെസിയുടെയും മുഖത്തിന് പകരം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങളായ കീറോണ്‍ പൊള്ളാര്‍ഡിന്റെയും ഡ്രെയ്ന്‍ ബ്രാവോയുടെയും മുഖമായിരുന്നു ധോണി പോസ്റ്റ് ചെയ്തത്. പരിശീലകരായി അവരുടെ ഗാംബിറ്റ് തുടരാന്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ധോണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളിംഗ് പരിശീലകനായി നിയമിതനായതിന് പിന്നാലെയാണ് ധോണിയുടെ ട്വീറ്റ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കീറോണ്‍ പൊള്ളാര്‍ഡും ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയും മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് കോച്ചായി നിയമിതനാകുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ കീറോണ്‍ പൊള്ളാര്‍ഡും ബ്രാവോയും യഥാക്രമം മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി മികച്ച് കളിച്ച പ്രതിഭകളാണ്.

 

ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ബ്രാവോ വിരമിക്കുമ്പോള്‍, ഐപിഎല്ലിലെ മോശം പ്രകടനമുള്ള ടീം എന്ന നിലയില്‍ നിന്ന് അഞ്ച് ട്രോഫികളുമായി ഏറ്റവും വിജയകരമായ ടീമായി മുംബൈയുടെ ഉയര്‍ച്ചയില്‍ പൊള്ളാര്‍ഡ് ഒരു പ്രധാന ഘടകമായിരുന്നു.

OTHER SECTIONS