By parvathyanoop.26 07 2022
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ തന്നെ തിരികെയെത്തി.ടീം വിടുകയാണെന്ന അഭ്യൂഹം ശക്തമാകവെയാണ് ക്രിസ്റ്റ്യാനോ തിരികെ എത്തിയത്. താരം ടീമില്‍ തുടരുമോ ഇല്ലയോ എന്നതില്‍ ഇനിയും വ്യക്തതയില്ല. യുണൈറ്റഡിന്റെ പ്രീസീസണ്‍ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. കുടുംബവുമായി ചെലവഴിക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയോട് അപേക്ഷിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു. ബയേണ്‍ മ്യൂണിക്ക്, ചെല്‍സി എന്നീ ടീമുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും ഇരു ക്ലബുകളും ഇത് തള്ളി രംഗത്തെത്തിയിരുന്നു.
ക്രിസ്റ്റാനോ റൊണാള്‍ഡോ ക്ലബില്‍ തുടരുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ആവര്‍ത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബില്‍ തുടരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയര്‍ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിനാണ് ടെന്‍ ഹാഗിന്റെ പ്രതികരണം.
''ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വില്പനയ്ക്കില്ല. ഞാന്‍ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബില്‍ തുടര്‍ന്നേക്കും.''- ടെന്‍ ഹാഗ് പറഞ്ഞു.
യുണൈറ്റഡ് പ്രീസീസണ്‍ ആരംഭിച്ചെങ്കിലും ഇതുവരെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് യുണൈറ്റഡ് പറയുന്നു. എന്നാല്‍, ടീം വിടാന്‍ ഒരുങ്ങിയിരിക്കുന്നതിനാലാണ് താരം ഇതുവരെ യുണൈറ്റഡിനൊപ്പം ചേരാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് വരുന്ന ഓഫറുകള്‍ പരിഗണിക്കാന്‍ ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു എന്ന് സൂചനയുണ്ട്.