By Shyma Mohan.30 11 2022
ദോഹ: ഈ ലോകകപ്പിലെ സ്പെയിനില്‍ നിന്നുള്ള ടീനേജ് സെന്‍സേഷനാണ് പതിനെട്ടുകാരനായ ഗാവി. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ ഗോള്‍ നേടിയ ഗാവി 1958നു ശേഷം ലോകകപ്പില്‍ ഗോള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ താരം ചേക്കേറിക്കഴിഞ്ഞു.
ഫുട്ബോള്‍ താരങ്ങളുടെ ജഴ്സിക്കും ഒപ്പിനും സെല്‍ഫിക്കുമായി തിരക്കു കൂട്ടുന്നവരാണ് ആരാധകരില്‍ ഏറെയും. എന്നാല്‍ ഗാവിയുടെ ജഴ്സിക്കായി വന്നത് മറ്റാരുമല്ല സ്പെയിനിന്റെ രാജകുമാരിയാണ്. 17 വയസ്സുകാരി ലിയോനറാണ് താരത്തോടുള്ള ആരാധന മൂത്ത് ഗാവിയുടെ ജഴ്സി ഒപ്പിട്ടുവാങ്ങിയത്. വിവരം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഖത്തറിലുള്ള ഫിലിപ്പ് ആറാമന്‍ രാജന് സ്പെയിനിന്റെ ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയാണ് ഗാവിയുടെ ജഴ്സി സ്വീകരിച്ചത്. ഖത്തര്‍ രാജകുടുംബവുമായി ഫിലിപ്പ് രാജാവിന് വളരെ അടുപ്പമുണ്ട്.
ബാഴ്സിലോണയുടെ കടുത്ത ആരാധികയായ രാജകുമാരി താരത്തിന്റെ ഫോട്ടോ ആല്‍ബം സൂക്ഷിക്കുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. ലോകകപ്പിലെ മികച്ച വിജയം നേടിയ ടീമിനെ അഭിനന്ദിക്കാന്‍ സ്പാനിഷ് ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയാണ് ഫിലിപ്പ് ആറാമന്‍ രാജാവ് ഗാവിയില്‍ നിന്ന് ജഴ്സി ഒപ്പിട്ടു വാങ്ങിയത്. എന്നാല്‍ മകളുടെ ആവശ്യപ്രകാരമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലിയോനറിന്റെ അളവിലുള്ള ജഴ്സിയിലാണ് ഗാവി ഒപ്പിട്ടതെന്നും ഇരുവരും പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.