By santhisenanhs.06 07 2022
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ 15 വർഷത്തിനിടെ ഇംഗ്ലണ്ടില്‍ പരമ്പര നേടാനുള്ള അവസരമാണ് ടീം ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയും ഇംഗ്ലീഷ് ബാറ്റർമാരുടെ മിന്നും ഫോമുമാണ് ഇന്ത്യക്ക് വിലങ്ങുതടിയായതെങ്കിലും മത്സരത്തില്‍ സ്പിന്നർ രവിചന്ദ്ര അശ്വിനെ കളിക്കാതിരുന്നതാണ് സന്ദർശകർക്ക് തിരിച്ചടിയായത് എന്ന് വാദിക്കുകയാണ് ഇംഗ്ലീഷ് മുന്‍ ക്രിക്കറ്ററും വിഖ്യാത കമന്‍റേറ്ററുമായ ഡേവിഡ് ലോയ്ഡ്.
ഇന്ത്യ ക്വാളിറ്റി സ്പിന്നർക്ക് അവസരം നല്‍കാതിരുന്നു. രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി വലിയ ബാറ്റിംഗ് ലൈനപ്പാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ഏറെ ഫ്ലാറ്റും വേഗത്തിലും പന്തെറിയാനുമായിരുന്നു ശ്രമിച്ചത്. അശ്വിനെ കളിപ്പിക്കാതെ സുരക്ഷിതമായി കളിക്കാന്‍ ശ്രമിച്ച ഇന്ത്യ വില നല്‍കുകയായിരുന്നു എന്നും ഡേവിഡ് ലോയ്ഡ് തന്‍റെ കോളത്തില്‍ എഴുതി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരത്തിലും വെറ്ററന്‍ സ്പിന്നറായ അശ്വിന് കളിക്കാനായിരുന്നില്ല. മുമ്പ് നടന്ന മത്സരങ്ങളില്‍ വിരാട് കോലിയും രവി ശാസ്ത്രിയും ചേർന്ന് അശ്വിനെ പുറത്തിരുത്താന്‍ തീരുമാനിച്ചപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ പുതിയ നായകന്‍ ജസ്പ്രീത് ബുമ്രയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സമാന തീരുമാനമെടുത്തു.
എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത നേടിയിരുന്നു. ജോണി ബെയ്ര്‍സ്‌റ്റോ (114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്.
സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
അശ്വിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ പാക് മുന്‍താരം ഡാനിഷ് കനേറിയയും നേരത്തെ വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് രവിചന്ദ്ര അശ്വിന്‍ പ്ലേയിംഗ് ഇലവനിലില്ലാത്തത്.
ഇംഗ്ലണ്ടില്‍ ഏറെ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡിന് അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഇംഗ്ലീഷ് സമ്മറില്‍ മൂന്നാംദിനം മുതല്‍ സ്പിന്നർമാർക്ക് അനുകൂലമാകും പിച്ച്. ഈർപ്പം കാരണം പേസ് കുറയും. ഇന്ത്യക്ക് വീഴ്ച പറ്റി, അതിനുള്ള വില നല്‍കിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ഡാനിഷ് കനേറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.