അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം, പിന്നാലെ വിലക്ക്; റോബിൻസനോട് സഹതപിച്ച് അശ്വിൻ

By anilpayyampalli.07 06 2021

imran-azhar

 

 

ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിനു പിന്നാലെ 'പഴയ കാല ചെയ്തി'കളുടെ പേരിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കപ്പെട്ട ഇംഗ്ലിഷ് താരം ഒലി റോബിൻസനോട് സഹതാപമുണ്ടെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

 

 


ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയ താരമാണ് ഇരുപത്തേഴുകാരനായ റോബിൻസൻ.

 


അരങ്ങേറ്റം മികച്ചതാക്കിയെങ്കിലും 20122013 കാലഘട്ടത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചില ട്വീറ്റുകളാണ് റോബിൻസന് തിരിച്ചടിയായത്.

 

വംശീയവും ലൈംഗിക ചുവയുള്ളതുമായ ട്വീറ്റുകളാണ് അന്ന് താരം പോസ്റ്റ് ചെയ്തത്.

 

 

ഒൻപതു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരാമർശങ്ങളുടെ പേരിൽ വിവാദനായകനായതോടെ താരം ഖേദം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. താരത്തെ സസ്‌പെൻഡ് ചെയ്ത ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ്, ടീം ക്യാംപിൽനിന്നും അദ്ദേഹത്തെ പുറത്താക്കി.

 

 

 

'വർഷങ്ങൾക്കു മുൻപ് ഒലി റോബിൻസൻ ചെയ്ത തെറ്റിനോട് എല്ലാവർക്കമുള്ള എതിർപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ.

 

 

 


ടെസ്റ്റ് കരിയറിന് ഏറ്റവും മികച്ച തുടക്കമിട്ടതിനു പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തോട് എനിക്ക് സഹതാപം തോന്നുന്നു. ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഭാവി നമുക്കായി കരുതിവയ്ക്കുന്നത് എന്താണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം' അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

 

 

റോബിൻസനും വിവാദവും

'എന്റെ പുതിയൊരു മുസ്ലിം കൂട്ടുകാരൻ ബോംബാണ്', 'ട്രെയിനിൽ എന്റെ അടുത്തിരിക്കുന്ന ആൾക്ക് എബോളയുണ്ട്' തുടങ്ങിയവയായിരുന്നു വിവാദമായ ട്വീറ്റുകളിൽ ചിലത്. വിഖ്യാതമായ ലോർഡ്‌സ് മൈതാനത്ത് റോബിൻസൻ അരങ്ങേറ്റത്തിന് ഇറങ്ങിയപ്പോൾത്തന്നെ പഴയ ട്വീറ്റുകൾ ചിലർ കുത്തിപ്പൊക്കിയിരുന്നു.

 

 

 

ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾത്തന്നെ റോബിൻസന്റെ ട്വീറ്റുകൾ വൈറലായി. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം കൈവിട്ടുപോയതോടെ മത്സരത്തിനിടെ തന്നെ താരം ഖേദം പ്രകടിപ്പിച്ചു.

 

 

എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ ഇംഗ്ലിഷ് ബോർഡിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.

 

 

ഒരു താരത്തെ ടീമിലേക്ക് തിരഞ്ഞെടുക്കും മുൻപ് അയാളുടെ മുൻകാല ചെയ്തികളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

 

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ താരങ്ങൾ എത്രമാത്രം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വെളിവാക്കുന്നതാണ് ഈ സംഭവമെന്നായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈന്റെ പ്രസ്താവന.

 

 

അരങ്ങേറ്റ ടെസ്റ്റിൽ എന്നെന്നും ഓർമിക്കാവുന്ന പ്രകടനം നടത്തിത്തന്നെയാണ് റോബിൻസൻ തിരികെ കയറിയത്.

 

 

ഏഴു വിക്കറ്റ് വീഴ്ത്തിയും ഒറ്റ ഇന്നിങ്‌സിൽനിന്ന് 42 റൺസ് നേടിയും കരുത്തുകാട്ടുകയും ചെയ്തു. മത്സരത്തിലാകെ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ടിം സൗത്തിക്കൊപ്പം ഒന്നാം സ്ഥാനത്താണ് റോബിൻസൻ.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം ഉയർന്ന രണ്ടാമത്തെ ടോപ് സ്‌കോററുമായി. ജയിംസ് ആൻഡേഴ്‌സൻ, സ്റ്റുവാർട്ട് ബ്രോഡ്, മാർക്ക് വുഡ് തുടങ്ങിയവർ അണിനിരന്ന ഇംഗ്ലിഷ് നിരയിൽ, ബോളിങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയും അരങ്ങേറ്റ മത്സരം കളിച്ച റോബിൻസനായിരുന്നു.

 

OTHER SECTIONS