By Shyma Mohan.03 12 2022
ധാക്ക: ബംഗ്ലാദേശ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ ഫ്ളൈറ്റില്‍ ലഗേജ് വൈകിയതായി ഇന്ത്യന്‍ താരം. പേസര്‍ ദീപക് ചാഹറിന്റെ ബാഗാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ അനാസ്ഥയില്‍ ഒരുദിവസത്തോളം വൈകിയത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ന്യൂസിലാന്‍ഡില്‍ നിന്ന് ധാക്കയിലേക്ക് പോകുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ലഗേജ് വൈകിച്ചെന്നും ബിസിനസ് ക്ലാസില്‍ ഭക്ഷണം നല്‍കിയില്ലെന്നും ദീപക് ചാഹര്‍ ആരോപിച്ചു. ചാഹര്‍, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ന്യൂസിലാന്‍ഡ് പര്യടനം പൂര്‍ത്തിയാക്കി ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് ക്വാലാലംപൂര്‍ വഴി ധാക്കയിലേക്ക് പറക്കുമ്പോഴായിരുന്നു മോശമായ അനുഭവം നേരിട്ടത്.
ആദ്യം എയര്‍ലൈന്‍സ് ഞങ്ങളോട് പറയാതെ ഫ്ളൈറ്റ് മാറ്റി. ബിസിനസ് ക്ലാസില്‍ ഭക്ഷണം നല്‍കിയതുമില്ല. കഴിഞ്ഞ 24 മണിക്കൂര്‍ മുതല്‍ ലഗേജിനായി കാത്തിരിക്കുകയാണ്. നാളെ ഒരു മത്സരമുള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം എന്ന് ചാഹര്‍ ട്വീറ്റ് ചെയ്തു. അതേസമയം ചാഹര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.
മലേഷ്യന്‍ എയര്‍ലൈന്‍സിനെതിരെ ട്വീറ്റിലൂടെ പരാതി നല്കാന് ശ്രമിച്ചെങ്കിലും അവരുടെ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും ചാഹര്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥയോ, സാങ്കേതിക പ്രശ്നം പോലെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരിക്കാം അവസാന നിമിഷം വിമാനം റദ്ദാക്കിയതെന്നും നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും എയര്‍ലൈന്‍സ് ട്വിറ്ററില്‍ അറിയിച്ചു.