By Shyma Mohan.25 11 2022
മുംബൈ: അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് ലഭിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിനത്തിന് മുന്നോടിയായി സംസാരിക്കവേയാണ് ഇടംകയ്യന്‍ ബാറ്റ്സ്മാനെ രവിശാസ്ത്രി പ്രശംസിച്ചത്.
അദ്ദേഹം വളരെ പരിചയസമ്പന്നനാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ല. സത്യം പറഞ്ഞാല്‍ ശ്രദ്ധാകേന്ദ്രം വിരാട് കോഹ് ലിയിലും രോഹിത് ശര്‍മ്മയിലുമാണ്. പക്ഷേ വലിയ മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റ് റെക്കോര്‍ഡിലെ ചില ഇന്നിംഗ്സ് നിങ്ങള്‍ നോക്കുക. ഒരു മികച്ച റെക്കോര്‍ഡാണ്.
അദ്ദേഹം ഒരു സ്വാഭാവിക സ്ട്രോക്ക് പ്ലേയറാണ്. ധവാന്റെ അനുഭവ സമ്പത്ത് ന്യൂസിലാന്റില്‍ മുതല്‍ക്കൂട്ടാകുമെന്നും രവിശാസ്ത്രി പറഞ്ഞു. പന്ത് ധവാന്റെ ബാറ്റിലേക്കാണ് വരുന്നത്. കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ ചുറ്റുമുണ്ട്. പക്ഷേ ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റില്‍ ധവാന്റെ അനുഭവപരിചയത്തിന് മൂല്യമുണ്ടാകുമെന്ന് കരുതുന്നതായും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
രവിശാസ്ത്രിയുടെ വാക്കുകള്‍ അറംപറ്റിയതുപോലെയായിരുന്നു ന്യൂസിലാന്റിലെ ധവാന്റെ ഇന്നിംഗ്സ്. ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ 72 റണ്‍സ് നേടിയ താരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.