By Shyma Mohan.26 11 2022
ദോഹ: ഗ്രൂപ്പ് ഡി മത്സരത്തില്‍ ടൂണിഷ്യക്കെതിരെ ഓസ്ട്രേലിയക്ക് ജയം. കരുത്തരായ ഡെന്മാര്ക്കിനോട് സമനില പിടിച്ചെടുത്ത ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ടുണീഷ്യക്ക് ഓസ്ട്രേലിയ വില്ലനായി. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ വിജയം ഓസ്ട്രേലിയക്കൊപ്പം നിന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രേലിയന്‍ ജയം.
23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ വിജയ ഗോള്‍ നേടുകയായിരുന്നു. ലോകകപ്പില്‍ ഹെഡറിലൂടെ ഗോള്‍ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമായി മിച്ച് ഡ്യൂക്ക്. ഗോളടിച്ചതിന് പിന്നാലെ ഓസ്ട്രേലിയ ശക്തമായ പ്രതിരോധം കാഴ്ചവെച്ചു. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണ്ണാവസരം ഓസ്ട്രേലിയ്ക്ക് നഷ്ടമായി. അവസാന മിനിറ്റുകളില്‍ ഓസ്ട്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ ടുണീഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.
രണ്ട് ടീമുകളും ഗ്രൂപ്പില്‍ രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്ട്രേലിയക്ക് ഒരു ജയവും ഒരു തോല്‍വിയുമാണുള്ളത്. അതേസമയം ടുണീഷ്യക്ക് ഒരു സമനിലയും തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. ടൂര്‍ണമെന്റില്‍ ടുണീഷ്യയുടെ മുന്നോട്ടുള്ള പ്രതിരോധത്തിലായി.