By Shyma Mohan.09 12 2022
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വെടിവെപ്പ്. മുള്‍ട്ടാനില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് സംഭവം. ടീം ഹോട്ടലില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്.
രണ്ട് സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നാല് പേരെ പാക് പോലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ട് ടീം പരിശീലനത്തിനായി ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് വെടിയൊച്ച കേട്ടത്. എന്നാല്‍ ടീമിന്റെ പരിശീലന സെഷനില്‍ ഒരു മാറ്റവും വരുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന് പര്യടനത്തിനായി ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുന്നത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 74 റണ്‍സിന് ജയിച്ചിരുന്നു. മുള്‍ട്ടാനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.
നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ പാകിസ്ഥാനില്‍ ആക്രമണം നടന്നിരുന്നു. 2009 മാര്‍ച്ച് 3ന് ശ്രീലങ്കന്‍ ടീമിന് നേരെ പാകിസ്ഥാനില്‍ ഭീകരമായ ആക്രമണമാണ് ഉണ്ടായത്. ശ്രീലങ്കന്‍ താരങ്ങള്‍ തങ്ങളുടെ ഹോട്ടലില്‍ നിന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് ടെസ്റ്റ് മത്സരം കളിക്കാന്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. അന്നത്തെ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര, അജന്ത മെന്‍ഡിസ്, തിലന്‍ സമരവീര, ചാമിന്ദ വാസ് തുടങ്ങിയ കളിക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഈ ആക്രമണത്തില്‍ 6 സൈനികര്‍ ഉള്‍പ്പെടെ 8 പേര് കൊല്ലപ്പെട്ടിരുന്നു.