By Shyma Mohan.01 12 2022
ദോഹ: പോളണ്ടിനെതിരായ മത്സരത്തില്‍ 67ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത് ജൂലിയന്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസം കണ്ടത് ഒരു സ്വപ്ന സാക്ഷാത്കാരം തന്നെയായിരുന്നു. ജുലിയന്‍ അല്‍വാരസിന്റെ 11 കൊല്ലം മുന്‍പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
അര്‍ജന്റൈന്‍ ക്ലബ് അത്ലറ്റികോ കല്‍ക്കീനായി മൈതാനത്ത് വിസ്മയം തീര്‍ക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവര്ത്തകന് ചോദിച്ചു. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ? ലോകകപ്പില്‍ കളിക്കണം. ആരാണ് നിന്റെ ആരാധനാ പുരുഷന് എന്ന ചോദ്യത്തിന് മെസിയെന്നായിരുന്നു കുഞ്ഞ് അല്‍വാരസിന്റെ മറുപടി. ഇഷ്ടതാരമായ മെസിക്കൊപ്പം പന്തുതട്ടണമെന്ന ആ മോഹം പതിമൊന്നുവര്‍ഷത്തിനിപ്പുറം സഫലമായി. കാല്പന്തിന്റെ വിശ്വവേദിയില്‍ വിഖ്യാത അര്‍ജന്റീനയുടെ ജഴ്സി അണിഞ്ഞ താരം ആരാധനാപാത്രത്തിനൊപ്പം പന്തുതട്ടി ടീമിന്റെ രക്ഷകനായി മാറുകയും ചെയ്തു.
സ്പൈഡര്‍ എന്നാണ് അല്‍വാരസിന്റെ ഓമനപ്പേര്. പക്ഷെ വല നെയ്യുന്നതിനേക്കാള്‍ പൊട്ടിക്കുന്നതിലാണ് അവന് തല്പര്യം. അര്‍ജന്റീന നോക്കൌട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഗോളുകള്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്ന് പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആരാധകരുടെ പ്രതീക്ഷ അല്‍വാരസ് സഫലീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം. പ്രീ ക്വാര്‍ട്ടറിലും അല്‍വാരസ് ഉണ്ടാവുമെന്ന് അടിവരയിടുന്നതാണ് താരത്തിന്റെ പ്രകടനം.
എതിരിലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീന പോളണ്ടിനെ തോല്പിച്ചത്.
46ാം മിനിറ്റില്‍ അലക്സിസ് മക് അലിസ്റ്ററാണ് അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ നേരിടും.