By Shyma Mohan.26 11 2022
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയില്‍ നിന്നേറ്റ അപ്രതീക്ഷ പരാജയത്തിന്റെ ആഘാതം മറക്കാന്‍ മെസിയും സംഘവും ഇന്നിറങ്ങുന്നു. വടക്കേ അമേരിക്കന്‍ ശക്തികളായ മെക്സിക്കോയാണ് ഇന്ന് അര്‍ജന്റീനയുടെ എതിരാളി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം.
മെക്സിക്കന്‍ ഗോളി ഒച്ചാവോ തന്നെയാവും അര്‍ജന്റീനയുടെ മുന്നിലെ ഏറ്റവും വലിയ കടമ്പ. ഒച്ചാവോയെ മറികടക്കാന്‍ മെസിയുടെ സംഘത്തിന് കഴിഞ്ഞാല്‍ ലുസൈലില്‍ അവസാന ചിരി മെസിയുടേതാവും. ലോകകപ്പിലെ ഏറ്റവും ഫേവറിറ്റായ അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം അതിനിര്‍ണ്ണായകമാണ്. ഗ്രൂപ്പില്‍ ഇപ്പോള്‍ ഒരു പോയിന്റ് പോലുമില്ലാതെ അവസാന സ്ഥാനത്താണ് അര്‍ജന്റീന. സൗദി അറേബ്യ ഒന്നാമതും, പോളണ്ട് രണ്ടാമതുമാണ്.
ഇന്നത്തെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ, ടുണീഷ്യയെയാണ് നേരിടുക. ആദ്യ കളിയില്‍ തോറ്റ ഓസ്ട്രേലിയക്ക് മുന്നോട്ടുള്ള യാത്ര തുടരാന്‍ ജയം അനിവാര്യമാണ്. എന്നാല്‍ ഡെന്മാര്ക്കിനെ സമനിലയില്‍ തളച്ചതിന്റെ ബലത്തിലാണ് ടുണീഷ്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്റുമായി ടുണീഷ്യ രണ്ടാമതും പോയിന്റൊന്നും ലഭിക്കാത്ത ഓസ്ട്രേലിയ അവസാന സ്ഥാനത്തുമാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം.
രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ പോളണ്ട് കറുത്ത കുതിരകളായ സൗദി അറേബ്യയെയാണ് നേരിടുക. ചരിത്രം തിരുത്തിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത സൗദിയ്ക്ക് ഇന്ന് പോളണ്ടിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ലവന്‍ഡോവ്സ്കിയുടെ നേതൃത്വത്തില്‍ എത്തുന്ന പോളണ്ടിന് ഇന്ന് ജയം കൂടിയേ തീരൂ. ആദ്യ കളിയില്‍ മെക്സിക്കോ സമനിലയില്‍ പിടിച്ചതോടെയാണിത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഡെന്മാര്ക്കാണ് മറുവശത്ത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാര് എത്തുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട് സമനില വഴങ്ങിയ ഡെന്മാര്ക്ക് ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.