By Shyma Mohan.26 11 2022
ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യ പോളണ്ടിന് മുന്നില്‍ അടിയറവ് പറഞ്ഞു. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പോളണ്ടിന്റെ ജയം. 39, 82 മിനിറ്റുകളിലാണ് പൊളിഷ് ഗോളുകള്‍ പിറന്നത്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ നാലുപോയിന്റോടെ പോളണ്ട് മുന്നിലെത്തി.
39ാം മിനിറ്റില്‍ പിയോറ്റര്‍ സെലിന്‍സ്കിയാണ് പോളണ്ടിനായി ആദ്യ ഗോള്‍ നേടിയത്. പോളണ്ട് ക്യാപ്റ്റന്‍ സൗദിയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് പിയോറ്റര്‍ സെലിന്‍സ്കിക്ക് പാസ് ചെയ്യുകയായിരുന്നു. സെലിന്‍സ്കി ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക്.
82ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് രണ്ടാം ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയത്. സൗദി പ്രതിരോധ താരം അല്‍ മാലികിയുടെ പിഴവിലൂടെയാണ് പോളണ്ടിന്റെ രണ്ടാം ഗോള്‍ പിറന്നത്. അല്‍ മാലികിയില്‍ നിന്ന് അനായാസം പന്തെടുത്ത ലെവന്‍ഡോവ്സ്കിയുടെ ഷോട്ട് നേരെ ഗോള്‍മുഖത്തേക്ക്. ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോവ്സ്കിക്ക് അവസരം കിട്ടിയെങ്കിലും ഗോളാക്കാനായില്ല.
നിരവധി അവസരങ്ങള്‍ പാഴാക്കിയായിരുന്നു സൗദി തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ സൗദിയും പോളണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്. അര്‍ജന്റീനയെ വിറപ്പിച്ച് വീഴ്ത്തിയ സൗദി ആദ്യ പകുതിയില്‍ പോളണ്ടിനെതിരെ ആക്രമണ ഫുട്ബോളാണ് കളിച്ചത്. നിരന്തരം പോളണ്ട് ഗോള്‍ മുഖത്ത് ഇരച്ചുകയറി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സൗദിക്ക് കഴിഞ്ഞു.
39ാം മിനിറ്റില്‍ പോളണ്ട് ഗോളടിച്ച് മുന്നേറിയെങ്കിലും 44ാം മിനിറ്റില്‍ സൗദി താരം ക്രിസ്റ്റിയന്‍ ബെയ്ലിക് ഫൗള്‍ ചെയ്തതിന് സൗദിക്ക് പെനാല്‍റ്റി ലഭിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരുന്നു പെനാല്‍റ്റി നല്‍കിയത്. എന്നാല്‍ അല്ദാവരിയുടെ ഷോട്ട് പോളണ്ട് ഗോളി വോജെച് സെസ്നി തടുത്തിട്ടു. റീബൗണ്ടില്‍ മുഹമ്മദ് അല്‍ ബ്രെയ്കിന്റെ ഗോള്‍ ശ്രമവും ഗോളി പരാജയപ്പെടുത്തി.
രണ്ടാം പകുതിയിലും സൗദി ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. 55ാം മിനിറ്റില്‍ പോളണ്ട് ബോക്സിനുള്ളില്‍ വെച്ച് സൗദി താരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 59ാം മിനിറ്റിലും സൗദി അവസരം പാഴാക്കി. 62ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രം പോളണ്ടിന് ലീഡുയര്‍ത്താനായില്ല. മിലിക്കിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചുപോയി. 65ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയുടെ ഷോട്ടും പോസ്റ്റിലിടിച്ച് മടങ്ങി.