By Shyma Mohan.30 11 2022
ദോഹ: ഗ്രൂപ്പ് ഡിയിലെ അതിനിര്‍ണ്ണായകമായ മത്സരത്തില്‍ ടുണീഷ്യക്ക് നാടകീയ വിജയം. നിലവിലെ ലോകചാമ്പ്യന്മാര്ക്ക് അട്ടിമറി തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ടുണീഷ്യ വിജയം പിടിച്ചെടുത്തത്. ഒമ്പതു മാറ്റങ്ങളുമാണ് ഫ്രാന്‍സ് ടുണീഷ്യക്കെതിരെ ഇറങ്ങിയത്.
മത്സരത്തിന്റെ 58ാം മിനിറ്റില്‍ ടുണീഷ്യയുടെ ഗോള്‍ പിറന്നത്. ഫ്രാന്‍സിന്റെ മുന്നേറ്റത്തിന് തടയിട്ട് മൈതാന മധ്യത്തില്‍ നിന്ന് ടുണീഷ്യ നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. പന്ത് ലഭിച്ച ഐസ ലൈദൂനി മുന്‍നിരയില്‍ ക്യാപ്റ്റന്‍ വാബി ഖസ്റിക്ക് പാസ് ചെയ്തു. ഖസ്റി പന്തുമായി മുന്നേറി മുന്നോട്ടു കയറിയെത്തിയ പകരക്കാരന് ഗോള്‍കീപ്പറെ മറികടന്ന് പോസ്റ്റ് കുലുക്കുകയായിരുന്നു.
ഗോള്‍ വീണതിന് പിന്നാലെ ഫ്രഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംസിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കിലിയന്‍ എംബാപ്പെയെയും അന്റോയ്ന്‍ ഗ്രീസ്മന്, അഡ്രിയാന്‍ റാബിയോട്ട്, ഒസ്മാന്‍ ഡെംബല തുടങ്ങിയവരെ പരിശീലകന് കളത്തിലിറക്കിയെങ്കിലും ഗോള്‍ വല കുലുക്കാനായില്ല.
ഇഞ്ചുറി ടൈമില്‍ ലോക ചാമ്പ്യന്മാര് വല കുലുക്കി ടുണീഷ്യയെ ഞെട്ടിച്ചെങ്കിലും പരിശോധനയില്‍ ഓഫ് സൈഡായി വിധിച്ചു. അന്റോയ്ന്‍ ഗ്രീസ്മനാണ് വലകുലുക്കിയത്.
ഫ്രാന്‍സിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെയാണ് ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ഡെന്മാര്ക്കിനെ
അട്ടിമറിച്ചതോടെയാണ് ടുണീഷ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന് മത്സരഫലം ബാധകമല്ല. എന്നാല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ടുണീഷ്യക്ക് നോക്കൗട്ട് സാധ്യതയുണ്ടായിരുന്നുള്ളൂ. സൂപ്പര്‍ താരങ്ങളെ ബെഞ്ചിലിരുത്തി ഇറങ്ങിയ ഫ്രാന്‍സിന് ടുണീഷ്യയുടെ മുന്നില്‍ അടിപതറിയെങ്കിലും അവസാന മിനിറ്റുകളില്‍ ഫ്രാന്‍സ് ടുണീഷ്യയെ വിറപ്പിച്ചു.
ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. തുടക്കം മുതല്‍ ടുണീഷ്യന്‍ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. എട്ടാം മിനിറ്റില്‍ ടുണീഷ്യ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.