ഹൃദയാഘാതം: ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് ആശുപത്രിയില്‍

By Shyma Mohan.02 12 2022

imran-azhar

 


സിഡ്‌നി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനായി പെര്‍ത്തില്‍ കമന്ററിക്കിടയിലായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

 

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പോണ്ടിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

 

1995 മുതല്‍ 2012 വരെ നീണ്ട ദീര്‍ഘകാല കരിയറില്‍ ടെസ്റ്റില്‍ 13387 റണ്‍സും 1704 ഏകദിന റണ്‍സും നേടിയിട്ടുണ്ട്. 200 ടെസ്റ്റില്‍ നിന്നായി 15921 റണ്‍സെടുത്ത സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ മാത്രമാണ് പോണ്ടിംഗിന് മുന്നിലുള്ള ഏക ബാറ്റ്‌സ്മാന്‍. സ്റ്റീവ് വോയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയ പോണ്ടിംഗ് ഏറെക്കാലം ഓസ്‌ട്രേലിയയെ ഒന്നാം സ്ഥാനത്ത് നിര്‍ത്തിയ അതുല്യ പ്രതിഭയാണ്.

 

1995ല്‍ ശ്രീലങ്കക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ പെര്‍ത്തില്‍ തന്നെയായിരുന്നു പോണ്ടിംഗിന്റെ വിരമിക്കല്‍ മത്സരവും. 375 ഏകദിനങ്ങളില്‍ നിന്നായി 30 സെഞ്ചുറി നേടിയിട്ടുള്ള പണ്ടര്‍ എന്ന് ഷെയ്ന്‍ വോണ്‍ വിളിക്കുന്ന പോണ്ടിംഗ് ടെസ്റ്റില്‍ 41 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. നൂറാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ലോകത്തിലെ ഏക ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ ബഹുമതിയും പോണ്ടിംഗിന് സ്വന്തം. ടെസ്റ്റില്‍ നാല് ഡബിള്‍ സെഞ്ചുറികളും പോണ്ടിംഗ് അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറില്‍ രണ്ട് ഇന്നിംഗ്‌സിലും മൂന്ന് തവണ സെഞ്ചുറി നേടിയ താരവും പോണ്ടിംഗ് തന്നെ.

OTHER SECTIONS