ഇന്ത്യയുടെ ക്രിക്കറ്റിനെ പുകഴ്ത്തി പാക് മുൻതാരം റമീസ് രാജ, മികച്ച ടീമെന്ന് താരം

By anilpayyampalli.01 06 2021

imran-azhar

 


ഇസ്‌ലാമാബാദ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ.

 

 

ക്രിക്കറ്റ് കളത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പുറത്തെടുക്കുന്ന ആക്രമണോത്സുകതയ്ക്ക് കയ്യടിച്ച രാജ, ഇമ്രാൻ ഖാൻ ക്യാപ്റ്റനായിരുന്ന കാലത്ത് പാക്കിസ്ഥാൻ ടീം പുറത്തെടുത്തിരുന്ന പ്രകടനത്തിനു സമാനമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ പ്രകടനമെന്നും അഭിപ്രായപ്പെട്ടു.

 

 

'ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച ടീമായി മാറിക്കഴിഞ്ഞു. വിരാട് കോലിയുടെ ക്യാപ്റ്റൻസി ആക്രമണോത്സുകതയിൽ ഊന്നിയതാണ്. ആക്രമണോത്സുകമായ ശൈലിയുടെ പ്രധാന ഗുണം, മോശം ചിന്തകളെ പടിക്കു പുറത്തുനിർത്തി ഒഴിഞ്ഞ മനസ്സോടെ കളിക്കാമെന്നതാണ്' റമീസ് രാജ ചൂണ്ടിക്കാട്ടി.

 

 

'ഇമ്രാൻ ഖാനു കീഴിൽ ഞങ്ങൾ പിന്തുടർന്ന അതേ ശൈലിയാണ് ഇപ്പോൾ ഇന്ത്യയും പിന്തുടരുന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. മുൻപ് ഇന്ത്യയെ വലച്ചിരുന്ന 23 പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം അവർ പരിഹരിച്ചു കഴിഞ്ഞു.

 

അതുകൊണ്ടാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി അവർ മാറിയത്. ഇപ്പോൾ എവിടെ കളിച്ചാലും ജയിക്കാൻ ഇന്ത്യൻ ടീമിനു കഴിയും.

 

 

വിദേശത്ത് മത്സരങ്ങൾ ജയിക്കാനായെങ്കിൽ മാത്രമേ ഒരു ടീമിന്റെ ആധിപത്യം പൂർണമാകൂ. ബി ടീമിനെ വച്ച് ഓസ്‌ട്രേലിയയിൽ ഇന്ത്യ പരമ്പര ജയിച്ച രീതിയിൽ എല്ലാമുണ്ട്' റമീസ് രാജ പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡ് ഏറ്റുമുട്ടാനിരിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും റമീസ് രാജ സംസാരിച്ചു.

 

 

ന്യൂസീലൻഡ് ടീമിനെ അപേക്ഷിച്ച് ഇന്ത്യൻ ടീമിനാണ് കൂടുതൽ പ്രതിഭയുള്ളതെന്ന് റമീസ് രാജ പറഞ്ഞു.

'സാഹചര്യങ്ങളുമായി എത്രവേഗം പൊരുത്തപ്പെടുന്നോ അത്രമാത്രം മികച്ചതായിരിക്കും ഇന്ത്യൻ ടീമിന്റെ പ്രകടനം. ന്യൂസീലൻഡ് നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയതിനാൽ അവർക്ക് അതിന്റേതായ മുൻതൂക്കമുണ്ടാകും.

 

 

പക്ഷേ, ആകെക്കൂടി നോക്കിയാൽ പ്രതിഭയുടെ കാര്യത്തിൽ ന്യൂസീലൻഡിനേക്കാൾ മികവ് ഇന്ത്യയ്ക്കു തന്നെ. ന്യൂസീലൻഡിന് ഒരേയൊരു ഗെയിം പ്ലാനേയുള്ളൂ. അത് പരാജയപ്പെട്ടാൽ അവർ തോൽക്കും.

 

ഇന്ത്യയ്ക്ക് ഗെയിം പ്ലാൻ മാത്രമല്ല. അതിനെ പിന്താങ്ങുന്ന പ്രതിഭാധനരായ കുറേ താരങ്ങളുമുണ്ട്. ഇന്ത്യയുടെ ഗെയിം പ്ലാൻ അഥവാ പരാജയപ്പെട്ടാലും, ഈ താരങ്ങളുടെ മികവിൽ വിജയത്തിലെത്താൻ സാധ്യതയുണ്ട്' റമീസ് രാജ പറഞ്ഞു.

 

 

 

 

OTHER SECTIONS