സീസണിലെ 14ാം ജയം; ഫോര്‍മുലാ വണ്ണില്‍ ചരിത്ര നേട്ടവുമായി മാക്‌സ് വെര്‍സ്റ്റാപ്പണ്‍

By Shyma Mohan.31 10 2022

imran-azhar

 

ലണ്ടന്‍: ഫോര്‍മുലാ വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാക്‌സ് വെര്‍സ്റ്റാപ്പണിന് ചരിത്ര നേട്ടം. ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിനെ പിന്തള്ളിയാണ് മാക്‌സ് ചരിത്ര നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ ഒരു സീസണില്‍ ഏറ്റവും അധികരം മത്സരങ്ങളില്‍ വിജയം കൊയ്യുന്ന താരം എന്ന ബഹുമതി മാക്‌സിന് സ്വന്തം. 2004ല്‍ ഫോര്‍മുലാ വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി മാറിയത്.

 

കഴിഞ്ഞ ദിവസം നടന്ന മെക്‌സിക്കന്‍ ഗ്രാന്റ് പ്രീയില്‍ ഏഴുതവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടനെ മറികടന്നാണ് മാക്‌സ് വിജയം കുറിച്ചത്. രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയിരിക്കെ 416 പോയിന്റുള്ള റെഡ്ബുള്‍ താരം ചാമ്പ്യന്‍ഷിപ്പ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 2021 സീസണില്‍ നേരിയ വ്യത്യാസത്തിലാണ് ലൂയിസ് ഹാമില്‍ട്ടണിനെ മറികടന്ന് ചാമ്പ്യന്‍ഷിപ്പ് നേടിയതെങ്കില്‍ ഇത്തവണ ആധികാരികമായി തന്നെയാണ് പോഡിയത്തിലേക്ക് എത്തുന്നത്.

 

ബഹ്‌റൈനില്‍ സീസണിലെ ആദ്യ മത്സരത്തില്‍ തുടക്കം മുതല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നെങ്കിലും മൂന്ന് ലാപ്പുകള്‍ ശേഷിക്കേ സാങ്കേതിക തകരാര്‍ കാരണം പിന്മാറേണ്ടി വന്നു. തുടര്‍ന്നുള്ള എട്ടു മത്സരങ്ങളില്‍ ആറിലും മാക്‌സ് ഒന്നാമതെത്തി. പിന്നീടുള്ള മത്സരങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് മാക്‌സ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

 

2015ല്‍ ഫോര്‍മുലാ വണ്ണില്‍ റെഡ്ബുള്ളിനായി അരങ്ങേറിയ മാക്‌സ് തൊട്ടടുത്ത വര്‍ഷം തന്റെ കരിയറിലെ ആദ്യ ജയം സ്വന്തമാക്കി തന്റെ ശക്തമായ വരവ് അറിയിച്ചിരുന്നു. പിന്നീട് നടന്ന എല്ലാ സീസണുകളിലും ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഈ ഡച്ച് താരം ഉണ്ടായിരുന്നു.

 

OTHER SECTIONS