രോഹിത് ശർമ്മയ്ക്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്;അടുത്ത 15 ദിവസങ്ങളിലാണ് അദ്ദേഹം യഥാർഥ പരീക്ഷണം നേരിടാൻ പോകുന്നത്

By Hiba.18 09 2023

imran-azhar

 

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ശ്രീലങ്കയെ അതി സമർത്ഥമായി പരാജയപ്പെടുത്തി 2023 ലെ ഏഷ്യാ കപ്പ് കിരീടം നേടിയതോടെ 2023 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ ഉത്തേജനം ലഭിച്ചു.

 


രോഹിത്ത് നായകനായി ഇത് രണ്ടാം കിരീടമാണ്. നിലവിൽ രോഹിതിന്‍റെ ക്യാപ്റ്റൻസിയിൽ സംശയമില്ലെങ്കിലും ലോകകപ്പിൽ ടീം മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീർ മുന്നറിയിപ്പ് നൽകുന്നു. ‘നിലവിൽ രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ഒരു സംശയവുമില്ല. അദ്ദേഹം അഞ്ചു ഐ.പി.എൽ കിരീടങ്ങൾ നേടി.

 

പലരും ഒരു കിരീടം പോലും നേടിയിട്ടില്ല. അടുത്ത 15 ദിവസങ്ങളിലാണ് അദ്ദേഹം യഥാർഥ പരീക്ഷണം നേരിടാൻ പോകുന്നത്. നിലവിൽ ഡ്രസിങ് റൂമിൽ 15-18 മികച്ച താരങ്ങൾ നിങ്ങൾക്കുണ്ട്. അവർ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ചോദ്യങ്ങളുയരും. വിരാട് കോഹ്ലി അത് നേരിട്ടു.

 

2007ൽ രാഹുൽ ദ്രാവിഡും അതിനെ അഭിമുഖീകരിച്ചു. 2023ൽ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ചോദ്യങ്ങൾ ഉയരും. എന്നാലും ഈ ടീമിന് ലോകകപ്പ് ഫൈനലിലെത്താനുള്ള എല്ലാ കഴിവുമുണ്ട്’ -ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

 

എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. ബൗളർമാരുടെയും ബാറ്റർമാരുടെയും പ്രകടനത്തിൽ രോഹിത്തും പൂർണ തൃപ്തനാണ്. ഇവിടെ വന്ന് ഇതുപോലൊരു ടൂർണമെന്‍റ് വിജയിക്കാനായത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി രോഹിത് മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

OTHER SECTIONS