By Shyma Mohan.25 10 2022
സാന്‍ഫ്രാന്‍സിസ്കോ: താന്‍ ടെന്നീസില്‍ നിന്നും വിരമിച്ചിട്ടില്ലെന്ന് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പണിനുശേഷം കായിക രംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് സൂചന നല്‍കിയിരുന്നെങ്കിലും മടങ്ങിവരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സെറീന വില്യംസ് വ്യക്തമാക്കി.
തന്റെ നിക്ഷേപ കമ്പനിയായ സെറീന വെഞ്ച്വേഴ്സിന്റെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയായിരുന്നു സെറീന ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് വരാം. എനിക്ക് അവിടെ കോര്ട്ടുണ്ടെന്ന് 23 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായിട്ടുള്ള സെറീന പറഞ്ഞു. യുഎസ് ഓപ്പണിനുശേഷം ഒരു ടൂര്‍ണമെന്റിന് തയ്യാറെടുക്കാത്തത് തനിക്ക് സ്വാഭാവികമായി തോന്നുന്നില്ലെന്ന് താരം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോറ്റതിന് പിന്നാലെയാണ് സെറീന വൈകാരികമായ വിടപറയല്‍ നടത്തിയത്.