By Shyma Mohan.07 12 2022
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് കൂറ്റന്‍ സ്കോര്‍. 19ാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിന് രക്ഷകരായി മെഹിദി ഹസന് മിറാസും മഹ്മുദുള്ളയും.
83 പന്തില്‍ സെഞ്ചുറിയുമായി മെഹിദി പുറത്താകാതെ നിന്നതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. 96 പന്തില്‍ 77 റണ്‍സെടുത്ത മഹ്മുദുള്ള മെഹിദിക്ക് ഉജ്വല പിന്തുണ നല്കി.
ഒരു ഘട്ടത്തില്‍ സ്കോര്‍ 100 കടക്കാന്‍ പ്രയാസപ്പെട്ടിരിക്കുന്ന വേളയിലാണ് ഇരുവരുടെയും മാസ്മരിക കൂട്ടുകെട്ട് പിറന്നത്. ഇരുവരും ചേര്‍ന്ന് 148 റണ്‍സെടുത്തതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറിയത്. തുടര്‍ന്നിറങ്ങിയ നാസും അഹമ്മദിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി മെഹിദി സ്കോര്‍ ചലിപ്പിച്ചു. നാസും 11 പന്തില്‍ 18 റണ്‍സ് നേടി പുറത്താകെ നിന്നു. നാസുമിനെ സംരക്ഷിച്ചുകൊണ്ടുള്ള ബാറ്റിംഗ് പ്രകടനം നടത്തി കൂടുതല്‍ വിക്കറ്റുകള്‍ വീഴാതെ മെഹിദി കാത്തുസൂക്ഷിക്കുകയും ചെയ്തു.
അനമുല്‍ ഹഖ് 11, ലിറ്റണ്‍ ദാസ് 7, നജ്മുല്‍ ഹുസൈന് ഷാന്റോ 21, ഷക്കീബ് അല്‍ ഹസന് 8, മുഷ്ഫിഖുര്‍ റഹിം 12 റണ്‍സിനും പുറത്തായി. അഫീഫ് ഹുസൈന് ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി.
വാഷിംഗ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റും മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓപ്പണര്‍മാരായ അനമുല്‍ ഹഖിന്റെയും ലിറ്റണ്‍ ദാസിന്റെയും വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. നജീമുല്‍ ഹുസൈന് ഷാന്റോയുടെ വിക്കറ്റ് ഉമ്രാന് മാലിക് പിഴുതി. ഷക്കീബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, അഫിഫ് ഹുസൈന് എന്നിവരുടെ വിക്കറ്റുകളാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പിഴുതത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് പിന്നിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലെ ജയം അനിവാര്യമാണ്.