By Shyma Mohan.07 12 2022
ധാക്ക: ബംഗ്ലാദേശിനെതിരെ നിര്‍ണ്ണായക മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഫീല്‍ഡിംഗിനിടെ പരിക്കേറ്റു. തള്ളവിരലിന് പരിക്കേറ്റ രോഹിത് ശര്‍മ്മയെ സ്കാനിംഗിന് വിധേയമാക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. അനമുലിന്റെ ബാറ്റില്‍ തട്ടി വന്ന പന്ത് സ്ലിപ്പില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു രോഹിത് ശര്‍മ്മയുടെ പരിക്ക്. ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ തള്ളവിരലിന് പരിക്കേല്‍ക്കുന്നതും തള്ളവിരലില്‍ നിന്ന് രക്തം ഒഴുകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പരിക്കേറ്റ താരം ഉടന്‍ തന്നെ മൈതാനം വിടുകയായിരുന്നു.
പരമ്പര നിര്‍ണ്ണയിക്കുന്ന, ഇന്ത്യക്ക് ജയം അനിവാര്യമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന് പരിക്കേറ്റത് ഇന്ത്യക്ക് ആശങ്കയുളവാക്കിയിട്ടുണ്ട്. മറുപടി ബാറ്റിംഗിന് രോഹിത് ശര്‍മ്മ ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.