By Shyma Mohan.22 11 2022
നേപിയര്‍: ന്യൂസിലാന്റിനെതിരായ മൂന്നാം ട്വിന്റി20 മഴ മൂലം ഉപേക്ഷിച്ച് ടൈ ആയതോടെ പരമ്പര ഇന്ത്യക്ക്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ 1-0ന് മുന്നിലായിരുന്നു.
മൂന്നാം ട്വിന്റി20യില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരിക്കെയാണ് മഴ പെയ്തത്. 18 പന്തില്‍ 30 റണ്‍സുമായി നായകന് ഹര്‍ദ്ദിക്ക് പാണ്ഡ്യയും 9 പന്തില്‍ 9 റണ്‍സുമായി ദീപക്ക് ഹൂഡയും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ഇഷാന് കിഷനും ഋഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യയുടെ നില പരിങ്ങലിലായിരുന്നു.
ഇഷാന് കിഷന് 11 പന്തില്‍ 10 ഉം ഋഷഭ് പന്ത് 5 പന്തില്‍ 11 ഉം റണ്‍സ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 13 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 3 ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് കിവി ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്.
നേരത്തെ അര്‍ധ സെഞ്ചുറി തികച്ച ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. നാലു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗുമാണ് കീവീസിന്റെ കൂറ്റന്‍ സ്കോറിന് തടയിട്ടത്. സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് ഇന്നിംഗ്സ് ആരംഭിച്ചത് പതിഞ്ഞ തുടക്കത്തോടെയാണ്. രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗിന് ക്യാച്ച് നല്കി ചാപ്മാനും മടങ്ങി. എന്നാല്‍, പിന്നീട് ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരികെ വന്നു.
ഒടുവില്‍ 33 പന്തില്‍ 54 റണ്‍സെടുത്ത ഫിലിപ്സിനെ ഭുവിയുടെ കൈകളില്‍ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന ഡാരി മിച്ചല്‍ വമ്പനടിക്കുള്ള മൂഡില്‍ ആയിരുന്നു. എന്നാല്‍, അര്‍ഷ്ദീപ് എത്തി ന്യൂസിലാന്റിന് അടുത്ത പ്രഹരം ഏല്‍പ്പിച്ചു. 49 പന്തില്‍ 59 റണ്‍സെടുത്ത കോണ്‍വേ ഇഷാന് കിഷാന്റെ കൈകളില്‍ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലാന്റിന്റെ നില പരിങ്ങലിലായി. മികച്ച സാന്റ്നറും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതല്‍ അടിക്കാന്‍ വിടാതെ അര്‍ഷ്ദീപും പറഞ്ഞയച്ചു.