By Shyma Mohan.30 11 2022
ക്രൈസ്റ്റ് ചര്‍ച്ച്: പരമ്പര വിജയിയെ നിര്‍ണ്ണയിക്കുന്ന മത്സരത്തില്‍ ഇന്ത്യ പതറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കീവീസ് 47.2 ഓവറില്‍ 219 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗില്‍ ശക്തമായ നിലയിലാണ് ആതിഥേയര്‍. 13 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റണ്‍സ് എന്ന ശക്തമായ നിലയിലാണ് കീവീസ്. 43 റണ്‍സുമായി ഫിന് അലനും 27 റണ്‍സുമായി ഡെവോന്‍ കോന്വെയുമാണ് ക്രീസില്‍.
വാലറ്റത്ത് വാഷിംട്ണ്‍ സുന്ദര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. സുന്ദര്‍ 64 പന്തില്‍ 51 റണ്‍സ് എടുത്തു. 200 റണ്‍സ് പോലും കടക്കില്ലെന്ന് സംശയിച്ചപ്പോഴാണ് വാഷിംട്ണ്‍ സുന്ദര്‍ ഇന്ത്യയയുടെ രക്ഷക്കെത്തിയത്. ഔട്ടാകാതെ ചഹാലും പിടിച്ച് നിന്നതോടെയാണ് ഇന്ത്യക്ക് 200 കടക്കാനായത്. ചഹാലിനെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കിയതോടെ പകരം വന്നത് അര്ഷ്ദീപാണ്. ഒമ്പത് റണ്‍സെടുത്ത അര്‍ഷ്ദീപിനെ ഡാരി മിച്ചല്‍ മടക്കി. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ സുന്ദറും പുറത്തായതോടെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ് 219 റണ്‍സില്‍ അവസാനിച്ചു.
സുന്ദറിനെ കൂടാതെ 49 റണ്‍സെടുത്ത ശ്രേയ്യസ് അയ്യര്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. റിഷഭ് പന്തും ഇന്ത്യയുടെ സൂപ്പര്‍ താരം സൂര്യ കുമാര്‍ യാദവുമെല്ലാം നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിന് വേണ്ടി ആദം മില്‍നെയും ഡാരി മിച്ചലും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. മാറ്റ് ഹെന്റി ഒഴികെ ബൗള്‍ ചെയ്ത ബാക്കി എല്ലാവര്ക്കും വിക്കറ്റുകള്‍ നേടാനായത് ന്യൂസിലന്‍ഡിന് കരുത്തായി മാറി.
ന്യൂസിലന്‍ഡ് ബൗളിംഗ് നിര മികവ് കാട്ടിയതോടെ പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സിന് തുടക്കമിട്ടത്. റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുത്തുന്നതിനിടെ 39 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 22 പന്തില്‍ 13 റണ്‍സെടുത്ത ഗില്‍ ആദം മില്‍നെയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയ്യസ് അയ്യര്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും നായകന് ശിഖര്‍ ധവാന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. മില്നെയുണ്ട് പന്തില്‍ കയറികളിക്കാന്‍ നോക്കിയ ധവാന് പിഴച്ചപ്പോള്‍ കുറ്റി തെറിച്ചു. 45 പന്തില്‍ 28 റണ്‍സായിരുന്നു നായകന്റെ സംഭാവന. റിഷഭ് പന്ത്(16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ്(10 പന്തില്‍ ആറ്), ദീപക് ഹൂഡ(25 പന്തില്‍ 12) തുടങ്ങിയവര്‍ക്കും ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തെ എതിര്‍ത്ത് നില്ക്കാനായില്ല. പൊരുതി നോക്കിയെങ്കിലും ശ്രേയ്യസും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വീണു. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയ്യസിനെ ലോക്കി ഫെര്ഗൂസന് കോണ്‍വേയുടെ കൈകളില്‍ എത്തിച്ചത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി.