അവിശ്വസനീയ റെക്കോര്‍ഡ് കൂട്ടുകെട്ട്: ലാത്തമിന് സെഞ്ചുറി: ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ന്യൂസിലാന്റ്

By Shyma Mohan.25 11 2022

imran-azhar

 


ഓക്ലന്‍ഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍ - ടോം ലാത്തം കൂട്ടുകെട്ട് ഉയര്‍ത്തിയ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ന്യൂസിലാന്റിന് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം.

 

ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ ന്യൂസിലാന്റ് അനായാസം മറികടന്നു. ഒരു ഘട്ടത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു നിന്ന കീവിസിനെ ക്യാപ്റ്റന്‍ തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്. കെയ്ന്‍ വില്യംസണും ടോം ലാത്തമും ചേര്‍ന്ന 221 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ തോല്‍വിക്ക് വഴിവെച്ചത്. ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഇരുവരും ചേര്‍ന്ന് നടത്തിയത്.

 

തകര്‍പ്പനടികളോടെയായിരുന്നു ലാത്തമിന്റെ ഇന്നിംഗ്‌സ്. 19 ബൗണ്ടറികളും അഞ്ച് സിക്‌സറുകളുമാണ് ബാറ്റില്‍ നിന്ന് പിറന്നത്. 76 പന്തില്‍ നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയ ലാത്തം 104 പന്തില്‍ 145 റണ്‍സുമായി ലാത്തം പുറത്താകാതെ നിന്നു. 98 പന്തില്‍ 94 റണ്‍സെടുത്ത് കീവീസ് നായകന്‍ മികച്ച പിന്തുണ നല്‍കി പുറത്താകാതെ നിന്നു. ലാത്തമിന് കൂറ്റനടികള്‍ക്കായി വിട്ടുനല്‍കിയ ഇന്നിംസായിരുന്നു കീവീസ് ക്യാപ്റ്റന്റേത്.

 

വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസിന് ഓപ്പണര്‍മാരായ ഫിന്‍ അലന്റെയും ഡെവോണ്‍ കോണ്‍വെയുടെയും വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. അലന്‍ 22 റണ്‍സിനും ഡെവോണ്‍ 24 റണ്‍സിനും പുറത്തായി. ശര്‍ദുല്‍ താക്കൂറും ഉമ്രാന്‍ മാലിക്കുമാണ് വിക്കറ്റുകള്‍ പിഴുതത്. 11 റണ്‍സെടുത്ത ഡാരല്‍ മിച്ചലിനെ ഉമ്രാന്‍ മാലിക് പുറത്തായെങ്കിലും ലാത്തമിന്റെയും വില്യംസിന്റെയും ചിറകിലേറി കീവീസ് വിജയത്തേരിലേറുകയായിരുന്നു.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചു. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.

 

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 23.1 ഓവറില്‍ 124 റണ്‍സടിച്ചു. എന്നാല്‍ അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ(50), ലോക്കി ഫെര്‍ഗൂസനും ശിഖര്‍ ധവാനെ(72) ടിം സൗത്തിയും വീഴ്ത്തിയതോടെ ഇന്ത്യ ഒന്ന് പരുങ്ങി. വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യര്‍ റിഷഭ് പന്തുമൊത്ത്(15) ഇന്ത്യയെ 150 കടത്തിയെങ്കിലും പന്തിനെയും, സൂര്യകുമാര്‍ യാദവിനെയും(4) ഒരേ ഓവറില്‍ മടക്കി ലോക്കി ഫെര്‍ഗൂസന്‍ വീണ്ടും ഇന്ത്യക്ക് തിരിച്ചടി നല്‍കി.

 

ആറാം നമ്പറില്‍ ക്രീസിലിറങ്ങിയ സഞ്ജു ശ്രേയസുമൊത്ത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 94 റണ്‍സടിച്ചു. ഇന്ത്യയെ 45 ാം ഓവറില്‍ 250 കടത്തിയശേഷം ആദം മില്‍നെയുടെ പന്തില്‍ ഫിന്‍ അലന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ സഞ്ജു പുറത്തായി. നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

 

സ്പിന്‍ ഓള്‍ റൗണ്ടറായി ക്രീസിലിറങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 300 കടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത അയ്യര്‍ അവസാന ഓവറില്‍ പുറത്തായപ്പോള്‍ പന്തില്‍ റണ്‍സെടുത്ത സുന്ദറിന്റെ ഇന്നിംഗ്‌സ് ഇന്ത്യയയെ 300 കടത്തുന്നതില്‍ നിര്‍ണായകമായി. കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ 10 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി 10 ഓവറില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

OTHER SECTIONS