സിറാജും അര്‍ഷ്ദീപും കീവീസിനെ വരിഞ്ഞുകെട്ടി; മറുപടി ബാറ്റിംഗില്‍ ഇന്ത്യ പതറുന്നു

By Shyma Mohan.22 11 2022

imran-azhar

 


നേപിയര്‍: ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കീവീസ് 160 റണ്‍സിന് പുറത്തായി.

 

അര്‍ധ സെഞ്ചുറി തികച്ച ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സുമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാലു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗുമാണ് കീവീസിന്റെ കൂറ്റന്‍ സ്‌കോറിന് തടയിട്ടത്. സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ അടക്കം മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്നോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 10 റണ്‍സെടുത്ത ഇഷാന്‍ കിഷനെയും 11 റണ്‍സെടുത്ത പന്തിനെയും ഗോള്‍ഡന്‍ ഡക്കില്‍ ശ്രേയസ് അയ്യരെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

 

പരമ്പരയില്‍ 1-0ന് നില്‍ക്കുന്ന ഇന്ത്യക്ക് ഈ മത്സരം വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

 

ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് ഇന്നിംഗ്‌സ് ആരംഭിച്ചത് പതിഞ്ഞ തുടക്കത്തോടെയാണ്. രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗിന് ക്യാച്ച് നല്‍കി ചാപ്മാനും മടങ്ങി. എന്നാല്‍, പിന്നീട് ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരികെ വന്നു.

 

ഒടുവില്‍ 33 പന്തില്‍ 54 റണ്‍സെടുത്ത ഫിലിപ്‌സിനെ ഭുവിയുടെ കൈകളില്‍ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന ഡാരി മിച്ചല്‍ വമ്പനടിക്കുള്ള മൂഡില്‍ ആയിരുന്നു. എന്നാല്‍, അര്‍ഷ്ദീപ് എത്തി ന്യൂസിലാന്റിന് അടുത്ത പ്രഹരം ഏല്‍പ്പിച്ചു. 49 പന്തില്‍ 59 റണ്‍സെടുത്ത കോണ്‍വേ ഇഷാന്‍ കിഷാന്റെ കൈകളില്‍ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലാന്റിന്റെ നില പരിങ്ങലിലായി. മികച്ച സാന്റ്‌നറും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതല്‍ അടിക്കാന്‍ വിടാതെ അര്‍ഷ്ദീപും പറഞ്ഞയച്ചു.

 

OTHER SECTIONS