ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

By Shyma Mohan.28 09 2022

imran-azhar

 


തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാതെ ആദ്യ ട്വിന്റി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയ്ക്ക് തുടക്കമിട്ടു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ അനായാസം മറികടന്നു.

 

കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ആധികാരിക ജയം. രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് കേവലം 33 പന്തില്‍ 50 റണ്‍സെടുത്തും പുറത്താകാതെ നിന്നു. നാലു സിക്‌സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും പിന്‍ബലത്തിലാണ് രാഹുല്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടെ കേവലം 33 പന്തിലായിരുന്നു സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കിയത്.

 

രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. രോഹിത് ശര്‍മ്മ പൂജ്യം റണ്‍സിനും കോഹ്‌ലി മൂന്ന് റണ്‍സിനും പുറത്തായി. കാസിഗോ റബാദക്കായിരുന്നു രോഹിത് ശര്‍മ്മയുടെ വിക്കറ്റ്. കോഹ്‌ലിയെ ആന്‍ റിച്ച് നോര്‍ട്‌ജെ വീഴ്ത്തി.

 

ഉത്സവലഹരിയില്‍ ആറാടിയ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബൗളര്‍മാരായിരുന്നു യഥാര്‍ത്ഥ വിജയശില്‍പികള്‍. ഏഷ്യാകപ്പിലെ നിറംമങ്ങിയ പ്രകടനത്തിന്റെ കറ തീര്‍ത്ത പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ന് കണ്ടത്.

 

ആദ്യ ഓവര്‍ മുതല്‍ ബൗളര്‍മാര്‍ മേല്‍ക്കോയ്മ നേടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിറം മങ്ങിപ്പോയ മത്സരത്തില്‍ കേശവ് മഹാരാജിന്റെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 100 കടത്തിയത്. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടോപ് സ്‌കോറര്‍. രണ്ട് സിക്‌സറുകളുടെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ഹര്‍ഷല്‍ പട്ടേലിനായിരുന്നു മഹാരാജിന്റെ വിക്കറ്റ്.

 

രണ്ടോവറില്‍ അഞ്ച് പ്രധാന ബാറ്റ്‌സ്മാന്‍മാരെ പവലിയനില്‍ എത്തിച്ച് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ ചാഹറാണ് ആദ്യ പ്രഹരം ദക്ഷിണാഫ്രിക്കക്ക് ഏല്‍പ്പിച്ചത്. അടുത്ത ഓവറില്‍ രണ്ടാം പന്തില്‍ അര്‍ഷ്ദീപ് ഡി കോക്കിനെയും അഞ്ചാം പന്തില്‍ റിലി റോസോയെയും പറഞ്ഞയച്ച് ആറാം പന്തില്‍ ഡേവിഡ് മില്ലറെയും പറഞ്ഞയച്ച് അര്‍ഷ്ദീപ് ആഞ്ഞടിച്ചു. രണ്ടാം ഓവറില്‍ മൂന്ന് പ്രധാന വിക്കറ്റുകളാണ് നിലംപൊത്തിയത്. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും കൂടാരം പൂകി. ചാഹറിന് രണ്ടാം വിക്കറ്റ്.

 

ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 42ല്‍ നില്‍ക്കുമ്പോള്‍ 25 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രാമിനെ ഹര്‍ഷല്‍ പട്ടേല്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 68ല്‍ നില്‍ക്കേ വെയ്ന്‍ പാര്‍നെല്ലിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. 37 പന്തില്‍ 24 റണ്‍സായിരുന്നു പാര്‍നെല്ലിന്റെ സമ്പാദ്യം.

 

ഏവരും ഉറ്റുനോക്കിയിരുന്ന മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്കായിരുന്നു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും പകരം അര്‍ഷ്ദീപ് സിംഗിനെയും റിഷഭ് പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങിയത്.



OTHER SECTIONS