ഇന്ത്യ-ഓസ്‌ട്രേലിയ ട്വിന്റി20: ടോസ് 9.15ന്; എട്ടുഓവര്‍ മത്സരം

By Shyma Mohan.23 09 2022

imran-azhar

 


നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വിന്റി20 മത്സരം നനഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം വൈകി. 8.45ന് നടന്ന ഗ്രൗണ്ട് പരിശോധനയില്‍ ഇരുനായകന്‍മാരും അമ്പയര്‍മാരും ചേര്‍ന്ന് മത്സരം നടത്താന്‍ തീരുമാനിച്ചു. 9.15നാണ് ടോസ്. ഇരുടീമുകളും എട്ട് ഓവര്‍ വീതം മത്സരിക്കും. മത്സരം 9.30ന് ആരംഭിക്കും.

 

നേരത്തെ ഏഴുമണിക്കും എട്ടുമണിക്കും ഗ്രൗണ്ട് പരിശോധനക്ക് എത്തിയെങ്കിലും ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. അതേസമയം പിച്ചിലെ ഈര്‍പ്പം ടോസില്‍ നിര്‍ണ്ണായകമാകും. ആദ്യം ബൗളിംഗ് ചെയ്യുന്ന ടീമിന് അനുകൂലമാകും. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

 

ഇന്ത്യക്ക് അതിനിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര തന്നെ നഷ്ടമാകും. ആദ്യമത്സരം ജയിച്ച ഓസീസ് 1-0ന് മുന്നിലാണ്.

 

അതേസമയം ഏഷ്യാകപ്പിലെയും ഓസീസിനെതിരായ ആദ്യ ട്വിന്റി20യിലെ തോല്‍വിയെ തുടര്‍ന്നും പ്രതിക്കൂട്ടിലായ ഇന്ത്യന്‍ പേസ് ബൗളിംഗിന് ശക്തി പകരാനും ഡെത്ത് ഓവര്‍ ബൗളിംഗിന് മൂര്‍ച്ച കൂട്ടാനും ജസ്പ്രീത് ബുമ്രയ്ക്കാവുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പരിക്കിനുശേഷം ടീമില്‍ തിരിച്ചെത്തിയ ബുമ്രക്ക് ആരാധകുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാനാവും എന്നാണ് പ്രതീക്ഷ.

 

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും പേസര്‍മാരുടെ ലക്ഷ്യമില്ലാത്ത ബൗളിംഗും ഫീല്‍ഡിംഗിലെ പിഴവുകളും കൈവിട്ട ക്യാച്ചുകളും അടക്കം ഗുരുതര പിഴവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ഇന്നത്തെ മത്സരം തോറ്റാല്‍ പരമ്പര ഓസ്‌ട്രേലിയക്ക് സ്വന്തമാകും.

 

OTHER SECTIONS