അടിക്ക് തിരിച്ചടി: മുന്നില്‍ നിന്ന് നയിച്ച് നായകന്‍; ഇന്ത്യക്ക് ഉജ്വല വിജയം

By Shyma Mohan.23 09 2022

imran-azhar

 


നാഗ്പൂര്‍: എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലായി.

 

91 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി സാമ്പ കനത്ത പ്രഹരം ഏല്‍പിച്ചെങ്കിലും ഒറ്റയാള്‍പോരാട്ടം നടത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ മുന്നില്‍ നിന്ന് വിജയത്തിലേക്ക് നയിച്ചു. ആദ്യ പന്ത് മുതല്‍ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരു ഘട്ടത്തിലും രോഹിത് ശര്‍മ്മയെ നിയന്ത്രിക്കാന്‍ കംഗാരുപ്പടയ്ക്ക് കഴിഞ്ഞില്ല. 20 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മത്സരത്തിലെ വിജയശില്‍പി.

 

രാഹുല്‍ 10 റണ്‍സിനും വിരാട് കോഹ് ലി 11 റണ്‍സിനും സൂര്യകുമാര്‍ യാദവ് ഡക്കിനും പുറത്താക്കി. മൂവരുടെയും വിക്കറ്റുകള്‍ ആദം സാമ്പയാണ് പിഴുതത്. ഹാര്‍ദിക് പാണ്ഡ്യയെ കമ്മിന്‍സ് വീഴ്ത്തി. അവസാന ഓവറില്‍ ഇന്ത്യക്ക് 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. അടുത്ത പന്ത് ബൗണ്ടറി കടത്തിക്കൊണ്ട് ഇന്ത്യ ജയം തിരിച്ചുപിടിച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് കഴിഞ്ഞ മത്സരത്തിലെ താരമായ മാത്യു വെയ്ഡിന്റെ കൂറ്റനടികളുടെ പിന്‍ബലത്തില്‍ 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിരുന്നു. ഓസീസിനായി ആരോണ്‍ ഫിഞ്ചും കാമറൂണ്‍ ഗ്രീനും ഓപ്പണ്‍ ചെയ്യാനിറങ്ങിയെങ്കിലും ഗ്രീനും മാക്‌സ്‌വെല്ലും അക്‌സര്‍ പട്ടേലിന് മുന്നില്‍ മുട്ടുമടക്കി. ടിം ഡേവിഡും ആരോണ്‍ ഫിഞ്ചും അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും വെയ്ഡ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു.

 



OTHER SECTIONS