By santhisenanhs.22 06 2022
രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവതയ്ക്കാണു ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് 5–ാം ടെസ്റ്റിലൂടെ കായികലോകം സാക്ഷ്യം വഹിക്കുക. കഴിഞ്ഞവർഷം നടന്ന പരമ്പരയിൽ ആദ്യ 4 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും അഞ്ചാം ടെസ്റ്റ് കോവിഡ് വ്യാപന ഭീതിയിൽ അനിശ്ചിത കാലത്തേക്കു മാറ്റി. ആ 5–ാം ടെസ്റ്റാണ് ജൂലൈയിൽ നടക്കുന്നത്. ഇക്കാലയളവിനിടെ ഇരു ടീമുകളും ക്യാപ്റ്റൻമാരെ മാറ്റി. പരിശീലക സ്ഥാനത്തും പുതുമുഖങ്ങളെത്തി. ട്വന്റി20 ലോകകപ്പും രണ്ട് ഐപിഎൽ ടൂർണമെന്റുകളും ഉൾപ്പെടെ പ്രധാന മത്സരങ്ങളും നടന്നു. മാറിയ സാഹചര്യത്തിൽ നടക്കുന്ന ഈ അഞ്ചാം ‘ടെസ്റ്റ്’ ഇരു ടീമുകൾക്കും പുതിയൊരു പരീക്ഷണമാണ്. പരമ്പരയിൽ 2–1നു മുന്നിലാണ് ഇന്ത്യ.
കഴിഞ്ഞ വർഷം നടന്ന ആദ്യ 4 മത്സരങ്ങളിൽ വിരാട് കോലിയും ജോ റൂട്ടുമായിരുന്നു ക്യാപ്റ്റന്മാർ. കോലിക്കു പകരമെത്തിയ രോഹിത് ശർമയ്ക്കു കീഴിൽ വിദേശത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റാണിത്. ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് ടീമിന്റെ പുതിയ ക്യാപ്റ്റൻ. രവി ശാസ്ത്രിക്കു പകരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായപ്പോൾ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ബ്രണ്ടൻ മക്കല്ലവുമെത്തി.
രോഹിത് ശർമയും (368 റൺസ്) കെ.എൽ.രാഹുലുമാണ് (315) പരമ്പരയിലെ കഴിഞ്ഞ 4 മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായത്. എന്നാൽ, പരുക്കേറ്റ രാഹുൽ അഞ്ചാം ടെസ്റ്റിൽ കളിക്കില്ല. പകരം ശുഭ്മൻ ഗിൽ ഓപ്പണറാകും. കോവിഡ് ബാധിച്ച രവിചന്ദ്ര അശ്വിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.
ഋഷഭ് പന്തും ശ്രേയസ് അയ്യരും പരിശീലകൻ രാഹുൽ ദ്രാവിഡും ഇന്നലെ ടീമിനൊപ്പം ചേർന്നു. ഇതോടെ ഇന്ത്യൻ ടീമംഗങ്ങളെല്ലാം ഇംഗ്ലണ്ടിലെത്തി. രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെ സീനിയർ താരങ്ങൾ 17ന് ഇംഗ്ലണ്ടിലെത്തിയിരുന്നു. ലെസ്റ്റർഷർ ഫോക്സസുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരം 24ന് ആരംഭിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 10നു നടക്കേണ്ട 5–ാം ടെസ്റ്റ് ഇന്ത്യയുടെ പിൻമാറ്റത്തെത്തുടർന്നാണ് ഉപേക്ഷിച്ചത്. ടീം ഫിസിയോയ്ക്കു കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ടീമിനെ ഇറക്കാൻ കഴിയില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ടോസിനു 2 മണിക്കൂർ മുൻപ് മത്സരം റദ്ദാക്കി. പകരം മറ്റൊരു മത്സരത്തിനു തയാറാണെന്ന് ബിസിസിഐ അന്നു തന്നെ ഇംഗ്ലിഷ് ബോർഡിനെ അറിയിച്ചിരുന്നു.
3 ടെസ്റ്റ് പരമ്പരകളാണ് ഇതിനിടെ ഇന്ത്യ കളിച്ചത്. ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പര 1–0നു വിജയിച്ചപ്പോൾ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ കളിച്ച പരമ്പര നഷ്ടമായി (1– 2). ഇതിനുശേഷമാണ് വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. പിന്നീട് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പര 2–0നു ജയിച്ചു.
ഇന്ത്യൻ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിന് കഷ്ടകാലമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിൽ തോറ്റത് 4–0ന്. വെസ്റ്റിൻഡീസിനെതിരായ പരമ്പര 1–0നും കൈവിട്ടു. പിന്നാലെ ക്യാപ്റ്റൻ ജോ റൂട്ട് സ്ഥാനമൊഴിഞ്ഞു. പുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനു കീഴിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി ക്കഴിഞ്ഞു.