By Shyma Mohan.12 08 2022
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വീണ്ടും ടീം ഇന്ത്യയുടെ നായക കുപ്പായം അണിയുന്നു. അതും മത്സരം നടക്കുന്നത് ഗാംഗുലിയുടെ സ്വന്തം ഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍.
ഇന്ത്യയും റെസ്റ്റ് ഓഫ് ദി വേള്‍ഡും തമ്മിലുള്ള മത്സരത്തിലാണ് ആരാധകരുടെ സ്വന്തം ദാദ നായകനായി എത്തുന്നത്. സെപ്തംബര്‍ 16ന് ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ സെപ്തംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകും.
കഴിഞ്ഞ മാസമാദ്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ടീമും ലോകത്തിലെ മറ്റ് രാജ്യങ്ങളുടെയും താരങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഓഗസ്റ്റ് 22ന് സംഘടിപ്പിക്കാന്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ടൂര്‍ണ്ണമെന്റ്, വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ്, നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവ കാരണം വിദേശ കളിക്കാരുടെ ലഭ്യതയില്‍ ആശങ്ക ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ ടീമിനെ സൗരവ് ഗാംഗുലി നയിക്കുമ്പോള്‍ ലോക ഇലവനെ വിരമിച്ച ഇയോന്‍ മോര്‍ഗന്‍ നയിക്കും.
ടീം ഇന്ത്യ: സൗരവ് ഗാംഗുലി, വീരേന്ദ്ര സെവാഗ്, മുഹമ്മദ് കൈഫ്, യുസഫ് പഠാന്‍, ബദരിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജോഗീന്ദര്‍ സിംഗ്, റിതീന്ദര്‍ സിംഗ് സോധി.
ലോക ഇലവന്‍: ഇയോന്‍ മോര്‍ഗന്‍, സിമ്മന്‍സ്, ദിനേഷ് രാംദിന്‍(വെസ്റ്റ്ഇന്‍ഡീസ്), ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വിസ് കല്ലിസ്, ജോണ്ടി റോഡ്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍(ദക്ഷിണാഫ്രിക്ക), സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍(ശ്രീലങ്ക), മാറ്റ് പ്രിയോര്‍(ഇംഗ്ലണ്ട്), നഥാന്‍ മക്കല്ലം(ന്യൂസിലാന്റ്), ഹാമില്‍ട്ടന്‍ മസാകഡ്‌സ(സിംബാബ്‌വെ), മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ്‌ലീ(ഓസ്‌ട്രേലിയ), മൊര്‍ട്ടാസ(ബംഗ്ലാദേശ്), അസ്ഗര്‍ അഫ്ഗാന്‍(അഫ്ഗാനിസ്ഥാന്‍), കെവിന്‍ ഒ ബ്രിയേന്‍(അയര്‍ലാന്റ്)