By Web Desk.17 03 2023
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. കെ എല്‍ രാഹുല്‍ (91 പന്തില്‍ പുറത്താവാതെ 75) നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. രവീന്ദ്ര ജഡേജ (45) പുറത്താവാതെ നിന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്ത് നടക്കും.
ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി.
ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25) രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.
അഞ്ചിന് 83 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.
65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷൊഴികെ മറ്റാരും തിളങ്ങിയില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.
ഓസീസ് ക്യാപ്റ്റനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്നൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കന്‍ മാര്‍ഷിനായി.
എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്നെ കുല്‍ദീപ് യാദവ് പുറത്താക്കി.
ജോഷ് ഇന്‍ഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെന്‍ മാക്സ്വെല്ലിനെ (8) ജഡേജ പുറത്താക്കി. സീന്‍ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.