മിഷന്‍ 2024ന് തുടക്കം: വന്‍ തോക്കുകള്‍ ഇനി ട്വിന്റി20 കാണില്ല?

By Shyma Mohan.01 12 2022

imran-azhar

 


മുംബൈ: ട്വിന്റി20 ക്രിക്കറ്റില്‍ തലമുറ മാറ്റം എന്ന തീരുമാനം ഊട്ടിയുറപ്പിക്കാനൊരുങ്ങി ബിസിസിഐ.

 

ന്യൂസിലന്‍ഡിനെതിരായ ട്വിന്റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇനി മുതല്‍ ട്വിന്റി20 കാണില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരെ വിശ്രമം അനുവദിച്ച ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരെയും ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ട്വിന്റി20 പരമ്പരക്ക് പരിഗണിക്കില്ല. ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയര്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

 

വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നതിനാല്‍ രാഹുലും ശ്രീലങ്കക്കെതിരായ ടീമിലുണ്ടാവില്ല. ഡിസംബറില്‍ ചുമതലയേല്‍ക്കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. 2024ല്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ട്വിന്റി20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് സീനിയര്‍ താരങ്ങളെ ട്വിന്റി20യില്‍ നിന്നൊഴിവാക്കുന്നത്.

 


ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ട്വിന്റി20യില്‍ ഇനി ഇന്ത്യയെ നയിക്കേണ്ടത് എന്ന കാര്യത്തില്‍ ബിസിസിഐ ധാരണയിലെത്തിയിട്ടുണ്ട്. ട്വിന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പാണ്ഡ്യ ബഹുദൂരം പിന്നിലാക്കിയെന്നാണ് വിലയിരുത്തല്‍. കെ എല്‍ രാഹുലിന്റെ ബാറ്റിംഗിലെ മെല്ലെപ്പോക്കും റിഷഭ് പന്തിന്റെ ഫോമില്ലായ്മയും ഹാര്‍ദ്ദിക്കിന് ഗുണകരമായി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് ഹാര്‍ദ്ദികിനെ ട്വിന്റി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

OTHER SECTIONS