ഹൃദയം കീഴടക്കി ജപ്പാന്‍ ടീം: ചെയ്ഞ്ചിംഗ് റൂം സൂപ്പര്‍ ക്ലീനാക്കി താരങ്ങള്‍

By Shyma Mohan.24 11 2022

imran-azhar

 

ദോഹ: മത്സരം പൂര്‍ത്തിയായി എല്ലാവരും മടങ്ങിയ ശേഷവും സ്‌റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാന്‍ ആരാധകര്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജര്‍മ്മനിയെ ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ അട്ടിമറിച്ചതിന്റെ സന്തോഷം പ്രകടമാക്കിയതിലും ഹൃദയം കീഴടക്കിയിരിക്കുകയാണ് ജപ്പാന്‍.

 

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ചെയ്ഞ്ചിംഗ് റൂം ഒരു പൊടി പോലുമില്ലാതെ വൃത്തിയാക്കിയാണ് താരങ്ങള്‍ മടങ്ങിയത്. ഫിഫ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പേജില്‍ ചിത്രം പങ്കുവെച്ചത്. റൂമിന്റെ ചിത്രത്തിനൊപ്പം നന്ദിക്കുറിപ്പും ഒപ്പം ടീമംഗങ്ങള്‍ പേപ്പര്‍ കൊണ്ടുണ്ടാക്കിയ കൊക്കുകളുടെ ചിത്രങ്ങളും ഫിഫ പങ്കുവെച്ചു.

 

ചരിത്ര വിജയത്തിന് ശേഷം ജപ്പാന്‍ റൂമില്‍ അവശേഷിപ്പിച്ചത് എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്കിട്ടത്. ടവ്വലുകളും വാട്ടര്‍ ബോട്ടിലുകളും ഭക്ഷണം കഴിച്ച പാത്രങ്ങളും വൃത്തിയായി മുറിയുടെ നടുവില്‍ അടുക്കി വച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. നന്ദിയെന്ന് ജാപ്പനീസിലും അറബിയിലും ചെറുകുറിപ്പും വച്ചിട്ടുണ്ട്. ഒപ്പം ആദരവിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയുമെല്ലാം പ്രതീകമായ പേപ്പര്‍ കൊക്കുകളും.

 

 

 

 

OTHER SECTIONS