ജപ്പാന്‍ ഗുസ്തി ഇതിഹാസം അന്റോണിയോ ഇനോക്കി അന്തരിച്ചു

By Shyma Mohan.01 10 2022

imran-azhar

 

ടോക്കിയോ: ജാപ്പനീസ് ഇതിഹാസ റെസ്‌ലിംഗ് താരം അന്റോണിയോ ഇനോക്കി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

 

അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്തോട് മല്ലിടുകയായിരുന്ന ഇനോക്കി മരണപ്പെട്ടതായി അദ്ദേഹം സ്ഥാപക പ്രസിഡന്റായിരുന്ന ന്യൂ ജപ്പാന്‍ പ്രോ- റെസ് ലിംഗ് കമ്പനിയാണ് അറിയിച്ചത്. തന്റെ ട്രേഡ് മാര്‍ക്കായ ചുവന്ന സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി പൊതുവേദികളില്‍ ഇനോകി അവസാനമായി പ്രത്യക്ഷപ്പെട്ടത് ഓഗസ്റ്റില്‍ ഒരു ടിവി ഷോയിലായിരുന്നു. അന്ന് അദ്ദേഹം വീല്‍ചെയറിലായിരുന്നു എത്തിയത്.

 

വ്യത്യസ്തതയാര്‍ന്ന ജീവിത ശൈലി കൊണ്ട് പൊതുജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഇനോക്കി. നൂറ്റാണ്ടിലെ പോരാട്ടം എന്ന് ആരാധകര്‍ ഓര്‍ക്കുന്ന 1976ല്‍ ടോക്കിയോയിലെ ബുഡോകാന്‍ ഹാളില്‍ മിക്‌സഡ് ആയോധന കല മത്സരത്തില്‍ മുഹമ്മദ് അലിയെ നേരിട്ടതോടെയാണ് ഇനോകി ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

 

17ാം വയസ്സില്‍ പ്രൊഫഷണല്‍ റെസ്‌ലറായി അരങ്ങേറ്റം കുറിച്ച ഇനോക്കി 1998ലാണ് വിരമിച്ചതെങ്കിലും 2019 വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1989ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം നിരവധി സാമൂഹ്യ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

 

സ്‌പോര്‍ട്‌സിലൂടെ സമാധാനവും സൗഹൃദവും രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച ഒരു നിയമനിര്‍മ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. സമാധാന സന്ദേശം ഉയര്‍ത്തി ഉത്തര കൊറിയയിലേക്ക് 30ലധികം യാത്രകള്‍ നടത്തുകയും ചെയ്തിരുന്നു. 1990ല്‍ ഇറാഖില്‍ ബന്ദികളാക്കിയ ജപ്പാന്‍ പൗരന്‍മാരെ മോചിപ്പിക്കാന്‍ ഇറാഖിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.

OTHER SECTIONS