ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ: ഇന്ത്യ 217 റണ്‍സിന് പുറത്ത്

By Bhumi.20 06 2021

imran-azhar 


സതാംപ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. 93-ാം ഓവറില്‍ രവീന്ദ്ര ജഡേജയെ (15) പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

 

117 പന്തുകള്‍ നേരിട്ട് അഞ്ചു ഫോറടക്കം 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് കിവീസിനായി തിളങ്ങിയത്.

 

ക്യാപ്റ്റന്‍ വിരാട് കോലി, രഹാനെ, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.132 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത കോലിയെ ജേമിസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

 

ക്യാപ്റ്റന്‍ മടങ്ങുമ്പോള്‍ 67.4 ഓറില്‍ നാലിന് 149 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു ഇന്ത്യ. തലേദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ചേര്‍ക്കാനായത്. പന്തിന് 22 പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് നേടാനായത്.

 

ജാമിസണിന്റെ പന്തില്‍ ലഥാം പിടിക്കുകയായിരുന്നു. ഒന്നാന്തരമായി പ്രതിരോധിച്ചുകൊണ്ടിരുന്ന രഹാനെ 117 പന്ത് നേരിട്ട് അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെവച്ച് പുറത്താകുകയായിരുന്നു.

 

വാഗ്‌നറുടെ പന്തില്‍ ലഥാമാണ് ക്യാച്ചെടുത്തത്. നാലാം വിക്കറ്റില്‍ കോലിയും രഹാനെയും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും ചേര്‍ന്നാണ് എണ്‍പത്തിയാറാം ഓവറില്‍ ഇന്ത്യയെ ഇരുന്നൂറ് റണ്‍സ് കടത്തിയത്.

 

200 കടക്കുമ്പോള്‍ ജഡേജ പതിനൊന്നും അശ്വിന്‍ 22 ഉം റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു. പിന്നീട് 27 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത അശ്വിന്‍ പുറത്തായി. സൗത്തിയുടെ പന്തില്‍ ലഥാം തന്നെയാണ് ക്യാച്ചെടുത്തത്.പിന്നാലെ അടുത്തടുത്ത പന്തുകളില്‍ ഇഷാന്ത് ശര്‍മയേയും (4), ജസ്പ്രീത് ബുംറയേയും (0) പുറത്താക്കി കൈല്‍ ജാമിസണ്‍ അഞ്ചു വിക്കറ്റുകള്‍ തികച്ചു.

 

 

 

OTHER SECTIONS